ദുബായ്: ഒരു കിടിലന്‍ ത്രില്ലര്‍ സിനിമ കണ്ട ലഹരിയിലാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. അത്രയേറെ ട്വിസറ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞ പേരാട്ടത്തിനാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് ഫൈനല്‍ സാക്ഷിയായത്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ കലാശപ്പോരില്‍ മുഖാമുഖം വന്നപ്പോള്‍ തന്നെ ക്രിക്കറ്റ് ലോകം ആവേശത്തിലായിരുന്നു. അവരെ ഈ ഫൈനല്‍ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നു തന്നെ പറയാം.
ടോസ് മുതല്‍ മല്‍സരശേഷമുള്ള സമ്മാനദാനം വരെ നിരവധി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷിയായത്. ക്ലൈമാക്‌സിലാവട്ടെ ചാംപ്യന്മാരായിട്ടും ഇന്ത്യക്കു ട്രോഫി ലഭിച്ചതുമില്ല. ഫൈനലിലെ ചില പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ടോസില്‍ തുടങ്ങിയ പോര്
ഫൈനലിനു മുന്നോടിയായുള്ള ടോസ് മുതല്‍ തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര്‍വിളി തുടങ്ങിക്കഴിഞ്ഞിരുന്നു. ചരിത്രത്തില്‍ ആദ്യമായി ടോസിനു ശേഷം ഇരു ക്യാപ്റ്റന്‍മാരെയും ഇന്റര്‍വ്യു ചെയ്യാന്‍ രണ്ടു വ്യത്യസ്ത അവതാരകരാണ് ഗ്രൗണ്ടില്‍ അണനിരന്നത്.
ഇന്ത്യയെ ജയിപ്പിച്ചത് തിലക് മാത്രമല്ല, പാക് ക്യാപ്റ്റനും പങ്ക്!! ആ മണ്ടത്തരം കളി മാറ്റി
പിസിബിയുടെ അഭ്യര്‍ഥനെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു നീക്കം. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനോടു സംസാരിച്ചത് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയാണെങ്കില്‍ പാകിസ്താനു വേണ്ടി വന്നത് മുന്‍ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസുമായിരുന്നു.
'വിമാനം താഴെയിട്ട്' ബുംറ!
ഇന്ത്യന്‍ ആരാധകര്‍ക്കു നേരെ മുന്‍ മല്‍സരങ്ങള്‍ക്കിടെ ജെറ്റ് വിമാനം വെടി വച്ചിടുന്ന ആംഗ്യം കാണിച്ച് പരിഹസിച്ചതിന്റെ പേരില്‍ പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ് വിവാദത്തിലായിരുന്നു. ഇതിന്റെ പേരില്‍ 30 ശതമാനം മാച്ച് ഫീയും അദ്ദേഹത്തിനു പിഴയായി ചുമത്തുകയും ചെയ്തു.
ഫൈനലില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇതിനു പകരം ചോദിക്കുകയായിരുന്നു. റൗഫിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ശേഷമാണ് അദ്ദേഹത്തിനു നേരെ വിമാനം താഴേക്കു വീഴുന്നതിന്റെ ആംഗ്യം കാണിച്ച് ബുംറ കളിയാക്കിയത്.
ചെക്ക് വലിച്ചെറിഞ്ഞ് ആഗ
ഫൈനലിനു ശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ റണ്ണറപ്പിനുള്ള ചെക്ക് ഏറ്റുവാങ്ങിയതിനു പിന്നാലെ സ്റ്റേജില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കി. എസിസിയുടെയും പിസിബിയുടെയും ചെയര്‍മാന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്‌വിയാണ് ആഗയ്ക്കു 75,000 യുസ് ഡോളറെന്നു കുറിച്ച് ചെക്ക് മാറിയത്.
അതു സ്വീകപിച്ച ശേഷം വേദിയിലുള്ള മുഴുവന്‍ വിശിഷ്ട അതിഥികളെയും സ്തബധരാക്കി ആഗ താഴേക്കു വലിച്ചെറിയുകയായിരുന്നു. കൂവലോടെയാണ് പാക് ക്യാപ്റ്റന്റെ പ്രവര്‍ത്തിയോടു സ്റ്റേഡിയത്തിലെ കാണികള്‍ പ്രതികരിച്ചത്.
ട്രോഫി വാങ്ങാതെ ടീം ഇന്ത്യ
സമ്മാനദാനച്ചങ്ങില്‍ ഇന്ത്യന്‍ ടീമിന്റെ അസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എസിസി മേധിവായും പാകിസ്താനിലെ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയാണ് വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനിക്കാനിരുന്നത്.

പക്ഷെ നഖ്‌വിയാണ് അതു നല്‍കുന്നതെങ്കില്‍ തങ്ങള്‍ സ്വീകരിക്കില്ലെന്നു ഇന്ത്യന്‍ ടീം അറിയിക്കുകയായിരുന്നു. ഇതോടെ ചടങ്ങ് ഒരു മണിക്കൂറോളം വൈകുകയും ചെയ്തു. ഒടുവില്‍ ട്രോഫിയില്ലാതെയാണ് വെറും കൈയോടെ ഇന്ത്യന്‍ ടീം ആഹ്ലാദ പ്രകടനം നടത്തിയത്.
ട്രോഫിയുമായി നഖ്‌വി സ്ഥലം വിട്ടു
ഇന്ത്യന്‍ ടീം തന്റെ കൈയില്‍ നിന്നും ഏഷ്യാ കപ്പ് വാങ്ങില്ലെന്ന നിലപാട് എടുത്തതോടെ അപമാനിതനായ എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ട്രോഫിയും വേദിയില്‍ തനിക്കൊപ്പം പുറത്തേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുകയും ചെയ്തു. രൂക്ഷമായാണ് നായകന്‍ സൂര്യകുമാര്‍ യാദവ് ഈ പ്രവര്‍ത്തിയെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്.