യുഎഇയില്‍ അടുത്ത മാസം ഒമ്പതിനു ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയാവും ടീം ഇന്ത്യയിറങ്ങുക. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീലങ്കയെ തകര്‍ത്ത് സ്വന്തമാക്കിയ ഏഷ്യന്‍ സിംഹാസനം കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുള്ളത്.
ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റില്‍ ആയതു കൊണ്ടു തന്നെ അതില്‍ മികവ് തെളിയിച്ച കളിക്കാരെയാണ് ഇന്ത്യ പരിഗണിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവിലാണ് അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ചില താരങ്ങള്‍ മാത്രമേ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങിലും കളിക്കുകയുള്ളൂ. മറ്റുള്ളവര്‍ ചിലതില്‍ 11ന്റെ ഭാഗമാവുമ്പോള്‍ മറ്റുള്ളവയില്‍ പുറത്തുമായിരിക്കും. മുഴുവന്‍ മല്‍സരങ്ങളും കളിക്കാനിടയില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആര്‍ക്കെല്ലാം 'ഗസ്റ്റ് റോള്‍?
ഏഷ്യാ കപ്പിന്റെ ഫൈനല്‍ വരെ മുന്നേറുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിനു ആകെ കളിക്കേണ്ടി വരിക വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമാണ്. ഇതില്‍ മൂന്നെണ്ണം വീതം ഗ്രൂപ്പുുഘട്ടത്തിസും സൂപ്പര്‍ ഫോറിലുമായിരിക്കും. ശേഷിച്ച ഒന്ന് ഫൈനലിലുമാണ്. അടുത്ത മാസം 10ന് ആതിഥേയരായ യുഎഇക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ അങ്കം. 14നു ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 19ന് ഒമാനെയും നേരിടും.
ഇന്ത്യക്കു വേണ്ടു ടൂര്‍ണമെന്റിലെ എല്ലാ കളിയിലും കാണാനിടയില്ലാത്ത താരങ്ങള്‍ പ്രധാനമായും ആറു പേരാണ്. ഫിനിഷര്‍ റോളിലുള്ള റിങ്കു സിങ്, ഓള്‍റൗണ്ടര്‍ ശിവം ദുബെ, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, പേസ് ജോടികളായ ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, വരുണ്‍ ചകവര്‍ത്തി എന്നിവരാണിത്. ഇതില്‍ ചിലര്‍ക്കു എല്ലാ മല്‍സരങ്ങളും ഒരുപക്ഷെ നഷ്ടമായേക്കുകയും ചെയ്യും.
സമീപകാല പ്രകടനങ്ങളൊന്നും റിങ്കുവിനെ ഇന്ത്യന്‍ ടി20 ടീമിലെ അവിഭാജ്യഘടകമാക്കി മാറ്റുന്നില്ല. ഇപ്പോള്‍ നടക്കുന്ന യുപി ടി20 ലീഗില്‍ സെഞ്ച്വറിയടക്കം നേടി അദ്ദേഹം കസറിയെങ്കിലും അതിനുമുമ്പ് നടത്തിയ പ്രകടനങ്ങള്‍ ശരാശരി മാത്രമായിരുന്നു.
ഇന്ത്യക്കു വേണ്ടു അവസാനം കളിച്ച ആറു ടി20കളില്‍ മികച്ച ഒരു ഇന്നിങ്‌സ് പോലും റിങ്കു കളിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിലും അദ്ദേഹം നിറംമങ്ങി. അതിനാല്‍ ഏഷ്യാ കപ്പിലെ ചില മല്‍സരങ്ങളില്‍ മാത്രമേ റിങ്കുവിനെ കളിപ്പിച്ചേക്കുകയുള്ളൂ.

ടി20 സ്‌പെഷ്യലിസ്റ്റും വമ്പനടിക്കാരനുമായ ദുബെയെയും ചില മല്‍സരങ്ങളില്‍ മാത്രമേ ഇറക്കാനിടയുള്ളൂ. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. സാധാരണയായി സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യാറുള്ള ദുബെ അവര്‍ക്കെതിരേയും റണ്ണെടുക്കാന്‍ വിഷമിച്ചു. ഇതു ഏഷ്യാ കപ്പില്‍ ദുബെയുടെ സ്ഥാനവും സംശയത്തിലാക്കുന്നു.
വിക്കറ്റ് കീപ്പര്‍മാരില്‍ മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോള്‍ ഫസ്റ്റ് ചോയ്‌സ് റോളിലുള്ളത്. അതിനാല്‍ ജിതേഷിനെ ചില മല്‍സരങ്ങളില്‍ മാത്രമേ ഇറക്കാനിടയുള്ളൂ. ഫിനിഷര്‍ റോൡലായിരിക്കും അദ്ദേഹത്തെ പരീക്ഷിക്കുക. ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ബുംറയ്ക്കു അപ്രധാനമായ ചില മല്‍സരങ്ങളില്‍ ഇന്ത്യ ബ്രേക്ക് നല്‍കിയേക്കും.
അദ്ദേഹത്തിനു പരിക്കുകളേല്‍ക്കുന്നതു തടയുന്നതിനായാണിത്. ബുംറയ്ക്കു വിശ്രമം നല്‍കുന്ന മല്‍സരങ്ങളില്‍ മാത്രമേ ഹര്‍ഷിത് അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ബാക്കിയുള്ളവയില്‍ സ്ഥാനം ബെഞ്ചിലായിരിക്കും. കുല്‍ദീപ്, വരുണ്‍ എന്നീ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കുക പ്രായോഗികമല്ല. അതിനാല്‍ രണ്ടു പേരെയും മാറി മാറി പരീക്ഷിക്കാന്‍ സാധ്യതയും കൂടുതലാണ്.