അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താനു മേലുള്ള ആധിപത്യം അരക്കിട്ടുറപ്പിച്ചാണ് ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഗംഭീര വിജയം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. തീര്‍ത്തും ഏകപക്ഷയീമായ കളിയില്‍ ഏഴു വിക്കറ്റിനു പാക് പടയെ ഇന്ത്യ തകര്‍ത്തെറിയുകയായിരുന്നു. ബൗളിങിലും ബാറ്റിങിലും ഒരുപോലെ ഇന്ത്യന്‍ ആധിപത്യമാണ് ഗ്രൗണ്ടില്‍ കണ്ടത്.
യുഎഇക്കെതിരേ ജയിച്ച ആദ്യ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ തന്നെ നിലനിര്‍ത്തിയാണ് പാകിസ്താനെതിരേ ഇന്ത്യ ഇറങ്ങിയത്. സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ഇന്ത്യയുടെ ഗെയിം പ്ലാന്‍ ഒരിക്കല്‍ക്കൂടി വിജയം കാണുകയും ചെയ്തു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകള്‍ ഈ മല്‍സരത്തിലുണ്ടെങ്കിലും ചില പിഴവുകളും വരുത്തിയിട്ടുണ്ടെന്നു കാണാം. ഇവ എന്തൊക്കെയെന്നറിയാം.

ആദ്യത്തെ പിഴവ്
ഇന്ത്യന്‍ ടീം ഈ മല്‍സരത്തില്‍ കാണിച്ച ആദ്യത്തെ പിഴവ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ബാറ്റിങിന് ഇറക്കിയില്ലെന്നതാണ്. കരിയര്‍ ബെസ്റ്റ് ഫോമിലുള്ള അദ്ദേഹം തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിച്ചിരുന്നു. ഓപ്പണിങ് റോള്‍ നഷ്ടമായ സഞ്ജവിനു അഞ്ചാം നമ്പറില്‍ ഉറപ്പായും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ നാലാമനായ തിലക് വര്‍മ പുറത്തായ ശേഷം ഇന്ത്യ ക്രീസിലേക്കു അയച്ചത് മറ്റൊരു ഇടംകൈയന്‍ ബാറ്ററായ ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ്. ഈ ഏഷ്യാ കപ്പിനു മുമ്പ് തുടര്‍ച്ചയായി 12 ടി20കളില്‍ ടീമിനായി ഓപ്പണ്‍ ചെയ്തിട്ടുള്ള താരമാണ് സഞ്ജു. മൂന്നു സെഞ്ച്വറികളും ഓപ്പണറായി അദ്ദേഹം വാരിക്കൂട്ടി.
മാത്രമല്ല, ഏറ്റവും അവസാനം കളിച്ച കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഒരു സെഞ്ച്വറിയടക്കം നലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും സഞ്ജു കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോമും കഴിവിലുള്ള വിശ്വാസവും കാരണമാണ് ജിതേഷ് ശര്‍മയ്ക്കു പകരം ഇന്ത്യന്‍ ഇലവനിലെടുത്തത്. എന്നിട്ടും പാകിസ്താനെതിരേ സഞ്ജുവിനു ബാറ്റിങില്‍ ഉപയോഗിക്കാതിരുന്നത് വലിയ മണ്ടത്തരമാണ്.
നേരത്തേ യുഎഇക്കെതിരായ ആദ്യ മല്‍സരത്തിലും സഞ്ജുവിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. അന്നു പക്ഷെ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തതു കാരണമായിരുന്നു അത്. പക്ഷെ പാകിസ്താനെതിരേ അഞ്ചാം നമ്പറില്‍ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നു വിലയിരുത്താന്‍ ലഭിച്ച നല്ലൊരു അവസരം ഇന്ത്യ പാഴാക്കുകയായിരുന്നു.
ക്രീസില്‍ വലംകൈയന്‍ ബാറ്ററായ സൂര്യകുമാര്‍ യാദവായതിനാലാണ് ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ കൊണ്ടു വരുന്നതിനായി സഞ്ജുവിനു പകരം ദുബെയ്ക്കു അഞ്ചാം നമ്പര്‍ നല്‍കിയതെന്നു വ്യക്തമാണ്.

രണ്ടാമത്തെ പിഴവ്
പാകിസ്താനെതികേ ഇന്ത്യന്‍ ടീം വരുത്തിയ രണ്ടാമത്തെ പിഴവ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ വിലപ്പെട്ട മൂന്നോവറുകളും പവര്‍പ്ലേയില്‍ തന്നെ എറിഞ്ഞു തീര്‍ത്തുവെന്നതാണ്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഈ അബദ്ധം കാണിച്ചത്.
നേരത്തേ യുഎഇയുമായുള്ള ആദ്യ മല്‍സരത്തിലും ബുംറയ്ക്കു പവര്‍പ്ലേയില്‍ തന്നെ മൂന്നോവറുകള്‍ നല്‍കിയിരുന്നു. ശേഷിച്ച ഒരോവര്‍ മാത്രമാണ് ഡെത്തിലേക്കു മാറ്റിയത്. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയുള്ള ടീം കോമ്പിനേഷനാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. അതിനാല്‍ ബുംറ മാത്രമാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍.
അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട നാലോവറുകള്‍ വളരെ തന്ത്രപരമായി തന്നെ ഇന്ത്യ ഉപയോഗിക്കുകയും വേണം. പകരം പവര്‍പ്ലേയല്‍ തന്നെ ബുംറയെ മൂന്നോവറുകള്‍ ഏല്‍പ്പിച്ചാല്‍ അതു വലിയ മല്‍സരങ്ങളില്‍ ടീമിനു തിരിച്ചടിയായി മാറും. ഇനിയുള്ള മല്‍സരങ്ങളില്‍ ഈ തെറ്റ് സൂര്യ തിരുത്തിയേ തീരൂ.