ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനു ഇത്തവണ ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കാനിടയുള്ള ടീമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റാഷിദ് ഖാന്റെ അഫ്ഗാനിസ്താനാണ്. ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ ഏഷ്യന്‍ പവര്‍ ഹൗസുകളെയെല്ലാം മറികടന്ന് ഇന്ത്യക്കു ശേഷം ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി മാറിക്കൊണ്ടിരിക്കുകയാണ് അവര്‍.
അതുകൊണ്ടു തന്നെ ഈ മാസം 28നു നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ കലാശക്കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍ അഫ്ഗാനായിരിക്കുമെന്നു പലരും പ്രവചിച്ചും കഴിഞ്ഞു. അന്താരാഷ്ട്ര ടി20യില്‍ ഓസ്‌ട്രേലിയ അടക്കം പല വമ്പന്‍മാരെയും വീഴ്ത്തിയെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇതുവരെ അഫ്ഗാന് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയെ വീഴ്ത്താന്‍ അഫ്ദഗാന് മുന്നില്‍ ഒരു വഴിയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഒരൊറ്റ കണ്ടീഷനില്‍ മാത്രമേ ഇന്ത്യയെ മറികടക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

അഫ്ഗാന്‍ ചാലഞ്ച്
അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സറാണ് ഈ ഏഷ്യാ കപ്പെന്ന അഭിപ്രായങ്ങള്‍ തള്ളിയിരിക്കുകയാണ് ആര്‍ അശ്വിന്‍. ഇതു വെറും കര്‍ട്ടന്‍ മാത്രമാണെന്നു അദ്ദേഹം തമാശരൂപേണ പറയുകയും ചെയ്തു. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനൊഴികെ മറ്റൊരു ടീമും ഇന്ത്യയെ ചാലഞ്ച് ചെയ്യില്ലെന്നും അശ്വിന്‍ പ്രവചിക്കുന്നു.
ഇതു 2026ലെ ടി20 ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറൊന്നുമല്ല, വെറും കര്‍ട്ടന്‍ മാത്രമാണിത്. ഈ ടൂര്‍ണമെന്റ് അതിനുള്ള ഒരു പ്രധാന മാനദണ്ഡമല്ല. അഫ്ഗാനിസ്താന്‍ ബൗളര്‍മാരാണ് ഇന്ത്യക്കു പ്രധാന ഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ നന്നായി ബാറ്റ് ചെയ്ത് ഇന്ത്യ 170 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്താല്‍ അഫ്ഗാനിസ്താന് അതു ചേസ് ചെയ്യാന്‍ സാധിക്കുമോ? അതു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും.
ഇന്ത്യയെ തോല്‍പ്പിക്കാന്‍ അഫ്ഗാനിസ്താനു മുന്നില്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞ് ഒരു നല്ല ദിവസം 155 റണ്‍സില്‍ ഇന്ത്യയെ ഒതുക്കാന്‍ കഴിഞ്ഞാല്‍ അഫ്ഗാന് അതു ചേസ് ചെയ്തു ജയിക്കാം. സാധാരണയായി ടി20 ത്രില്ലിങായി മാറാറുണ്ട്. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ അതു തികച്ചും ഏകപക്ഷീയമാക്കി മാറ്റിയേക്കുമെന്നും അശ്വിന്‍ വിലയിരുത്തി.

ആഫ്രോ- ഏഷ്യാ കപ്പാക്കണം
ഏഷ്യാ കപ്പില്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന ടീമുകള്‍ ഇപ്പോഴില്ലെന്നതിനാല്‍ ആഫ്രിക്കന്‍ ടീമിനെ കൂടി ഉള്‍പ്പെടുത്തി ആഫ്രോ- ഏഷ്യാ കപ്പാക്കി മാറ്റിയാല്‍ കൂടുതല്‍ ആവേശകരമായി മാറുമെന്ന അഭിപ്രായമാണ് ആര്‍ അശ്വിനുള്ളത്.
സൗത്താഫ്രിക്കയെ കൂടി ഉള്‍പ്പെടുത്തി ഇതു ആഫ്രോ- ഏഷ്യാ കപ്പാക്കി മാറ്റിയാല്‍ കൂടുതല്‍ നന്നായിരിക്കും. ഇന്ത്യയുടെ ഒരു എ ടീമിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ ആവേശകരമായ മല്‍സരങ്ങള്‍ നമുക്കു കാണാന്‍ സാധിക്കുമായിരുന്നു.
ബംഗ്ലാദേശിനെ കുറിച്ച് നമ്മള്‍ സംസാരിക്കുക പോലും ചെയ്തിട്ടില്ല. കാരണം അവരെപ്പറ്റി ഇപ്പോള്‍ പ്രത്യേകിച്ചൊന്നും സംസാരിക്കാന്‍ പോലുമില്ല. എങ്ങനെയാണ് ഈ ടീമുകളെല്ലാം ഇന്ത്യയോടു പോരടിക്കാന്‍ പോവുന്നതെന്നും അശ്വിന്‍ ചോദിക്കുന്നു. അതേസമയം, ഒമ്പതാമത്തെ ഏഷ്യന്‍ കിരീടമെന്ന മോഹവുമായാണ് സൂര്യകുമാര്‍ യാദവും സംഘവും യുഎഇയിലെത്തിയിരിക്കുന്നത്.
2023ലെ അവസാനത്തെ എഡിഷന്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു. അന്നു ശ്രീലങ്കയെ ഫൈനലില്‍ നാണംകെടുത്തിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ജേതാക്കളായത്.