ഏഷ്യാ കപ്പില്‍ കിരീടം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യവുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണ ശ്രീലങ്കയിലേക്കു വിമാനം കയറുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ഫോര്‍മാറ്റിലുളള ടൂര്‍ണമെന്റില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ആദ്യ കളി മുതല്‍ തപ്പിത്തടഞ്ഞ ഇന്ത്യ ഒടുവില്‍ സൂപ്പര്‍ ഫോറില്‍ തോറ്റ് പുറത്താവുകയും ചെയ്തു.
ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്തി കപ്പുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ഹിറ്റ്മാനും സംഘവും. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തൊഴികെ മറ്റു പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം സേവനം ഇന്ത്യക്കു ലഭിക്കും. ഇതു ടീമിനു കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. 2018ല്‍ രോഹിത്തിനു കീഴില്‍ തന്നെയായിരുന്നു ഇന്ത്യയുടെ അവസാനത്തെ ഏഷ്യ കപ്പ് നേട്ടം.

മൂന്നാം തവണയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാനൊരുങ്ങുന്നത്. ഇനിയൊരു തവണ കൂടി രോഹിത്തിന് ഇതിനുള്ള അവസരം ലഭിക്കാനുമിടയില്ല. ചില താരങ്ങളുടെ പ്രകടനമായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു നിര്‍ണായകമായി മാറുക. മികച്ച പ്രകടനം ഈ താരങ്ങള്‍ കാഴ്ചവയ്ക്കുകയാണെങ്കില്‍ ഇന്ത്യക്കു കിരീടവുമായി മടങ്ങാം.
ആരൊക്കെയാണ് ഇന്ത്യയുടെ ഈ തുറുപ്പുചീട്ടുകളെന്നു നമുക്കു നോക്കാം. ഓപ്പണിങ് ബാറ്ററും യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കിടിലന്‍ ബാറ്റിങ് പ്രകടനങ്ങളിലൂടെ ഇതിനകം ടീമിലെ അവിഭാജ്യ ഘടകമായി ഈ 23 കാരന്‍ മാറിക്കഴിഞ്ഞു.
വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ഗില്‍ പതിയെ ഇന്നിങ്‌സിനു അടിത്തറയിട്ട ശേഷം ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം ചുരുങ്ങി കാലത്തിനുള്ളില്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം കൂടിയാണ് ഗില്‍. ഏഷ്യാ കപ്പിലും താരം ഫോം തുടര്‍ന്നാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി മാറും.
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഇന്ത്യയുടെ രണ്ടാമത്തെ നിര്‍ണായക താരം. അന്താരാഷ്ട്ര ടൂര്‍ണമെന്റകളില്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും മാച്ച് വിന്നിങ് ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കും. കരിയറില്‍ ഒരുപാട് തവണ കോലി ഇതു ലോകത്തിനു കാണിച്ചു തന്നിട്ടുള്ളതുമാണ്.

ക്യാപ്റ്റന്‍സിയുടെ ഭാരമൊന്നുമില്ലാത്തതിനാല്‍ തന്നെ പൂര്‍ണമായും തന്റെ ബാറ്റിങില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഏകദിനത്തില്‍ 13,000 റണ്‍സെന്ന വലിയ നാഴികക്കല്ലും ഏഷ്യാ കപ്പില്‍ കോലിയെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ അദ്ദേഹം മിന്നുന്ന ഫോമിലായിരുന്നു. ഏറെക്കാലം ഫോമില്ലാതെ വലഞ്ഞ കോലി താളം വീണ്ടെടുത്തതും ഈ ടൂര്‍ണമെന്റിലൂടെയായിരുന്നു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടീം ഇന്ത്യയുടെ മൂന്നാമത്തെ നിര്‍ണായക താരം. പരിക്കു കാരണം 11 മാസത്തോളം പുറത്തായിരുന്ന അദ്ദേഹം അടുത്തിടെ സമാപിച്ച അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെയാണ് മടങ്ങിയെത്തിയത്. പരമ്പരയില്‍ ടീമിനെ നയിച്ച ബുംറ പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു. രണ്ടു കളിയില്‍ നിന്നും അഞ്ചില്‍ താഴെ ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.
ന്യൂബോള്‍ കൊണ്ട് തുടക്കത്തില്‍ തന്നെ ടീമിനു ബ്രേക്ക്ത്രൂ നല്‍കാന്‍ മിടുക്കനാണ് ബുംറ. കൂടാതെ ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായ അദ്ദേഹം വിക്കറ്റുകളും ടീമിനു സമ്മാനിക്കാറുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ബുംറയാണ്. അദ്ദേഹം കസറിയാല്‍ എതിര്‍ ടീമിനെ ഒതുക്കുക ഇന്ത്യക്കു കൂടുതല്‍ എളുപ്പമായി മാറും.