ഈ വര്‍ഷം ടീം ഇന്ത്യ കളിക്കാനൊരുങ്ങുന്ന ആദ്യത്തെ വമ്പന്‍ ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു തൊട്ടുമുമ്പുള്ള ചാംപ്യന്‍ഷിപ്പായതിനാല്‍ അതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയായിരിക്കും ഇത്. പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായിരുന്നെങ്കില്‍ ഇത്തവണത്തേത് ഏകദിന ഫോര്‍മാറ്റിലാണ്.
യുഎഇയില്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. കിരീട ഫേവറിറ്റുകളായെത്തിയ ഇന്ത്യ ഫൈനല്‍ പോലുമെത്താതെ സൂപ്പര്‍ ഫോറില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ അവസാനമായി ഏഷ്യാ കപ്പ് നടന്നത് 2018ലായിരുന്നു.

അന്നു ദുബായില്‍ നടന്ന കലാശപ്പോരില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഏകദിന ഫോര്‍മാറ്റിലേക്കു ടൂര്‍ണമെന്റ് തിരികെയെത്തുമ്പോള്‍ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ ചില പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിനെ ആശങ്കയിലാക്കുന്നുണ്ട്.
കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. ഇവരില്‍ റിഷഭൊഴികെ മറ്റുള്ളവര്‍ ഏഷ്യാ കപ്പിലൂടെ കളിക്കളത്തിലേക്കു തിരിച്ചെത്തിയേക്കും. ഇവരെല്ലാം മടങ്ങിയെത്തിയാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.
രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ഏകദിന ഫോര്‍മാറ്റില്‍ ടീമിന്റെ സ്ഥിരം ഓപ്പണിങ് ജോടികളായി ഇരുവരും മാറിക്കഴിഞ്ഞു. ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരകളില്‍ ഇന്ത്യക്കു മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ രോഹിത്- ഗില്‍ ജോടിക്കായിരുന്നു.
മൂന്നാം നമ്പറില്‍ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയായിരിക്കും ഇറങ്ങുന്നത്. തന്റെ പഴയ ഫോമിലേക്കു തിരികെയെത്തിക്കഴിഞ്ഞ അദ്ദേഹം ഏഷ്യാ കപ്പിലും മിന്നിക്കാമെന്ന പ്രതീക്ഷയിലായിരിക്കും.
നാലാം നമ്പറെന്നത് ഇന്ത്യക്കു എല്ലാ കാലത്തും തലവേദനായിയിട്ടുള്ള ബാറ്റിങ് പൊസിഷനാണ്. ഇത്തവണയും അതില്‍ മാറ്റമില്ല. ഏകദിനത്തില്‍ നിലവില്‍ ഈ സ്ഥാനത്തെ ഫേവറിറ്റ് ശ്രേയസ് അയ്യരാണ്. ഫിറ്റാണെങ്കില്‍ ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം ഈ റോള്‍ അദ്ദേഹത്തിനു ഉറപ്പാണ്.
ശ്രേയസില്ലെങ്കില്‍ മാത്രമേ പകരക്കാരനെക്കുറിച്ച് ഇന്ത്യക്കു ചിന്തിക്കേണ്ട ആവശ്യമുള്ളൂ. ഏകദിനത്തില്‍ നാലാം നമ്പറില്‍ 20 ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 47 ശരാശരിയില്‍ രണ്ടു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും നേടുകയും ചെയ്തു.
ശ്രേയസിനു ശേഷം അഞ്ചാമന്‍ കെഎല്‍ രാഹുലായിരിക്കും. റിഷഭ് കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ റോളും അദ്ദേഹത്തിനായിരിക്കും. ഗില്‍ ഓപ്പണിങില്‍ സ്ഥാനമുറപ്പിച്ച ശേഷം രാഹുല്‍ ഏകദിനത്തില്‍ മധ്യനിരയിലേക്കു അടുത്തിടെ മാറിയിരുന്നു. അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ കൂടിയാണ് അഞ്ചാം നമ്പര്‍. മികച്ച പ്രകടനം ഈ റോളില്‍ രാഹുല്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആറ്, ഏഴ് പൊസിഷനുകളില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇറങ്ങും. നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്. അടുത്തിടെയായി ബാറ്റിങില്‍ ഹാര്‍ദിക്കിന്റെ പ്രകടനം താഴേക്കു പോയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീമിന് ആവശ്യമാണ്.
ബൗളിങിലേക്കു വന്നാല്‍ കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ പേസ് ബൗളിങിനു ബുംറ ചുക്കാന്‍ പിടിക്കും. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും പേസ് ബൗളിങ് പങ്കാളികള്‍.
ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.