ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിക്കൊപ്പം മറ്റൊരു വമ്പന്‍ പ്രഹരം കൂടി പാകിസ്താന് നേരിട്ടിരിക്കുകയാണ്. അവരുടെ പേസ് ത്രയത്തിലെ രണ്ടു പേര്‍ പരിക്കേറ്റു വീണതാണ് കാരണം. ഹാരിസ് റൗഫിനും നസീം ഷായ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇതേ തുടര്‍ന്നു ഇരുവരും ഇന്ത്യക്കെതിരേ ബാറ്റിങിനും ഇറങ്ങിയിരുന്നില്ല. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ റൗഫും നസീമും കളിക്കുമോയന്നെ കാര്യവും ഇതോടെ സംശയത്തിലായിരിക്കുകയാണ്.
പാകിസ്താന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്കും ഇതു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കാരണം ഇനി നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയുമായുള്ള നിര്‍ണായക മല്‍സരമാണ് പാകിസ്താനു മുന്നിലുള്ളത്. അതില്‍ തോല്‍ക്കുകയാണെങ്കില്‍ പാക് പട ഫൈനല്‍ കാണാതെ പുറത്തായേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനല്‍ ഇത്തവണ സംഭവിച്ചേക്കില്ല. പകരം ഇന്ത്യയും ശ്രീലങ്കയും കലാശക്കളിയില്‍ മുഖാമുഖം വന്നേക്കും.

ഇന്ത്യക്കെതിരേ നേരിട്ട വന്‍ പരാജയത്തോടെ സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികിയില്‍ പാകിസ്താന്റെ നെറ്റ് റണ്‍ റേറ്റിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നേരത്തേ തലപ്പത്തുണ്ടായിരുന്ന അവര്‍ മൂന്നാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്.
ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ ബൗളിങിനിടെയാണ് റൗഫിനും നസീമിനും പരിക്കുപറ്റിയത്. ഞായറാഴ്ചയായിരുന്നു റൗഫിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു അദ്ദേഹം റിസര്‍വ് ദിനമായ തിങ്കളാഴ്ച ബൗളിങില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നസീമിനു റിസര്‍വ് ദിനത്തിലെ ബൗളിങിനിടെയായിരുന്നു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹം മല്‍സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിടുകയുമായിരുന്നു.
World Cup 2023: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണോ? സര്‍വേ നടത്തി സ്റ്റാര്‍ സ്‌പോര്‍ട്‌സ്! ഫലം ഇതാ
ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ കൂടിയാണ് റൗഫ്. നാലു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ റൗഫ് ശേഷിച്ച മല്‍സരങ്ങളില്‍ കളിച്ചില്ലെങ്കില്‍ അതു പാകിസ്താനു വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്.
നസീമാവട്ടെ നാലു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകളും ഇതിനകം നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരേ ബൗളിങില്‍ റൗഫും നസീമും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. റൗഫ് അഞ്ചോവറില്‍ വിക്കറ്റൊന്നുമില്ലാതെ 27 റണ്‍സാണ് വിട്ടുകൊടുത്തത്. നസീമാവട്ടെ 9.2 ഓവറില്‍ ഒരു മെയ്ഡനടക്കം 53 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

വലതു തോളില്‍ ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് 29 കാരനായ റൗഫിനെ റിസര്‍വ് ദിനത്തില്‍ പാകിസ്താന്‍ ബൗളിങില്‍ നിന്നും പിന്‍വലിച്ചത്. ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കേണ്ടതില്ലെന്നു ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ നസീമിനു തോളിനാണ് പരിക്കേറ്റിട്ടുള്ളത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ഇന്നിങ്‌സിനിടെ 49ാം ഓവറില്‍ ഗ്രൗണ്ട് വിട്ട താരം കളിക്കളത്തിലേക്കു മടങ്ങിവന്നതുമില്ല. വ്യാഴാഴ്ച ശ്രീലങ്കയുമായിട്ടാണ് പാകിസ്താന്റെ അവസാനത്തെ സൂപ്പര്‍ ഫോര്‍ മല്‍സരം. ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ബാബര്‍ ആസമിനും സംഘത്തിനും ഈ കളിയില്‍ ജയിക്കേണ്ടതുണ്ട്.
റൗഫ്, നസീം എന്നിവര്‍ ഈ മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പകരം മുഹമ്മദ് വസീം ജൂനിയര്‍, ഉസാമ മിര്‍ എന്നിവരായിരിക്കും പാകിസ്താന്റെ പ്ലെയിങ് ഇലവനിലേക്കു വന്നേക്കുക. റൗഫിന്റെയും നസീമിന്റെയും അഭാവത്തില്‍ ഷഹീന്‍ അഫ്രീഡിയുടെ ഉത്തരവാദിത്വം ഈ കളിയില്‍ വര്‍ധിക്കുകയും ചെയ്യും.