ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന വിമര്‍ശനം സഞ്ജു സാംസണിന്റെ അഭാവമാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ തഴയുകയും 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിക്കുകയുമായിരുന്നു. സഞ്ജുവിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തിനെതിരേ വലിയ വിമര്‍ശനം സെലക്ടര്‍മാര്‍ക്കെതിരേ ഉയര്‍ന്നിരുന്നു.
ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ടീമിലുണ്ടായിരുന്ന സഞ്ജുവിനെ പാതിവഴിയില്‍ ഇന്ത്യ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഏകദിന ലോകകപ്പില്‍ റിസര്‍വ് താരമായി സഞ്ജു സാംസണ്‍ ഒപ്പമുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ സഞ്ജുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താത്തിനെതിരേ ഇപ്പോഴും വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ജുവിനെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആരാധക പോളിനായി നല്‍കിയിരുന്നു.
ഈ പോളിന്റെ ഫലം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 76 ശതമാനം ആളുകളും സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമെന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. 24 ശതമാനം ആളുകള്‍ മാത്രമാണ് സഞ്ജു വേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. സഞ്ജു ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ണ്ണായക താരമാണെന്നും ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമെല്ലാമാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചിരിക്കുന്നത്. ഈ പോള്‍ ഫലം സഞ്ജുവിന്റെ ഫാന്‍ പേജുകളില്‍ വൈറലായിട്ടുണ്ട്.
എന്നാല്‍ സഞ്ജുവിനെ ഇന്ത്യ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇനി സാധ്യതയുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെങ്കില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്ക് പരിക്കേല്‍ക്കണം. അങ്ങനെ സംഭവിച്ചാല്‍ സഞ്ജുവിന് പകരക്കാരന്റെ റോളില്‍ ടീമിലേക്കെത്താനാവും. അല്ലാത്ത പക്ഷം സഞ്ജുവിന് ടീമിലെത്തുക പ്രയാസം. റിസര്‍വ് താരമായി സഞ്ജു എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എന്നാല്‍ 15 അംഗ ടീമിലേക്കെത്തുക പ്രയാസം. ഏഷ്യാ കപ്പിനിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താരത്തിന്റെ പുറം ഭാഗത്താണ് പരിക്കേറ്റിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ശ്രേയസിന് പരിക്കേല്‍ക്കുകയും ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്താല്‍ പകരം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിനെ മറികടന്ന് തിലക് വര്‍മയെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. സൂര്യകുമാറിനെക്കാള്‍ ഏകദിനത്തില്‍ മികച്ചവന്‍ സഞ്ജുവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സൂര്യകുമാര്‍ പെട്ടെന്ന് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ പിടിച്ചുനിന്ന് വലിയ ഇന്നിങ്‌സ് കളിക്കാനുള്ള കഴിവില്ല. അതുകൊണ്ടുതന്നെ സൂര്യകുമാറിനെക്കാളും ഏകദിനത്തില്‍ മിടുക്കന്‍ സഞ്ജുവാണ്.
ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ വലിയ ചോദ്യമായി മാറിയിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണെന്ന് പറയാം. ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്ത് ഈ വര്‍ഷം അവസാനത്തോടെ തിരിച്ചെത്തും. ഇതോടെ സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതല്‍ കടുപ്പമാവും.
സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ സജീവമല്ല. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ത്യക്കായി ടി20യില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ടി20 ലോകകപ്പ് ടീമിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി കണ്ടറിയണം.