
ശ്രീലങ്കയാണ് 15ാമതു ഏഷ്യാ കപ്പിനു ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ആഗസ്റ്റ് 27ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോട്ടം സപ്തംബര്‍ 11നാണ്. ടി20 ഫോര്‍മാറ്റിലായിരിക്കും മല്‍സരങ്ങള്‍.
ടൂര്‍ണമെന്റിനു മുന്നോടിയായി യോഗ്യതാ മല്‍സരങ്ങള്‍ ആഗസ്റ്റ് 20നു തുടങ്ങുമെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചു.

നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയായിരിക്കും രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ അണിനിരക്കുക. മാത്രമല്ല ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ നിര്‍ണായക തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. ഏഷ്യാ കപ്പില്‍ ജേതാക്കളാവാന്‍ കഴിഞ്ഞാല്‍ അതു തീര്‍ച്ചയായും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്നുറപ്പാണ്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ തന്നെയാണ് ഇന്ത്യ അവസാനത്തെ ഏഷ്യാ കപ്പ് സ്വന്തമാക്കിയത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിനു ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു. 50 ഓവര്‍ ഫോര്‍മാറ്റിലായിരുന്നു അന്നത്തെ ടൂര്‍ണമെന്റ്.

ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടമാണ് ഇത്തവണ ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. 2018ല്‍ മാത്രമല്ല അതിനു മുമ്പ് 2016ലെ ടൂര്‍ണമെന്റിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അന്നു ടീമിനെ നയിച്ചത് ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയായിരുന്നു. ടി20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെ ഇന്ത്യ എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
ഏറ്റവുമധികം തവണ ഏഷ്യാ കപ്പ് സ്വന്തമാക്കിയ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു അവകാശപ്പെട്ടതാണ്. ഏഴു തവണയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. 1984, 88, 1990-91, 1995, 2010, 2016, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ചാംപ്യന്‍മാരായത്. ശ്രീലങ്ക അഞ്ചു തവണയും പാകിസ്താന്‍ രണ്ടു തവണയും വിജയികളായിട്ടുണ്ട്.

2018ലെ ഏഷ്യാ കപ്പിലേക്കു വന്നാല്‍ വിരാട് കോലിക്കു വിശ്രമം അനുവദിച്ചായിരുന്നു ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ കളിച്ചത്. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയ്ക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയടങ്ങുന്ന ശക്തമായ ടീമിനെയായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ അണിനിരത്തിയത്. ഗ്രൂപ്പ് എയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, ഹോങ്കോങ് എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഓരോ ടീമും ഒരു തവണയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയത്. രണ്ടു മല്‍സരങ്ങലും ജയിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറിലെത്തിയത്.

തുടര്‍ന്ന് സൂപ്പര്‍ ഫോറില്‍ ഓരാ ടീമും പരസ്പരം ഒരു തവണ വീതം കൊമ്പുകോര്‍ത്തു. രണ്ടു മല്‍സരങ്ങില്‍ ജയിച്ച ഇന്ത്യ അഫ്ഗാനിസ്താനുമായി ടൈ സമ്മതിച്ചു. പാകിസ്താനെ ഗ്രൂപ്പു ഘട്ടത്തില്‍ മാത്രമല്ല സൂപ്പര്‍ ഫോറിലും തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഇന്ത്യയും ബംഗ്ലാദേശുമാണ് ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 222 റണ്‍സിനു പുറത്തായി. മറുപടിയില്‍ ഇന്ത്യ ഏഴു വിക്കറ്റിനു അവസാന ബോളില്‍ വിജറണ്‍ കുറിക്കുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പ്ലെയര്‍ ഓഫ് ദി സീരീസായത്.


Click it and Unblock the Notifications











