
ഷാര്‍ജ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ജയത്തോടെ തുടങ്ങി ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ച അഫ്ഗാനെ സൂപ്പര്‍ ഫോറില്‍ നാല് വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 19.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസ് (36), പതും നിസങ്ക (35), ധനുഷ്‌ക ഗുണതിലക (33), ബാനുക രാജപക്‌സെ (31) എന്നിവര്‍ ശ്രീലങ്കയ്ക്കായി തിളങ്ങി.
അഫ്ഗാനായി മുജീബുര്‍ റഹ്‌മാനും നവീന്‍ ഉല്‍ ഹഖും 2 വിക്കറ്റ് വീതവും റാഷിദ് ഖാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് കരുത്തായത് റഹ്‌മാനുല്ല ഗുര്‍ബാസിന്റെ (84) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. ഇബ്രാഹിം സദ്രാനും (40) ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുശന്‍ക രണ്ടും മഹേഷ് തീക്ഷണയും അസിത ഫെര്‍ണാണ്ടോയും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ഹസ്‌റത്തുല്ല സസായ് (16 പന്തില്‍ 13) മടങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ 46 റണ്‍സ്. രണ്ട് ബൗണ്ടറി നേടിയ താരത്തെ ദില്‍ഷന്‍ മധുഷന്‍ക ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ആക്രമണ ബാറ്റിങ്ങോടെ മുന്നോട്ട് പോയ റഹ്‌മാനുല്ല ഗുര്‍ബാസ് അതിവേഗം റണ്‍സുയര്‍ത്തി.
രണ്ടാം വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും ഗുര്‍ബാസും ചേര്‍ന്ന് അഫ്ഗാനെ മുന്നോട്ട് നയിച്ചു. 45 പന്തില്‍ 4 ഫോറും 6 സിക്‌സുമടക്കം 84 റണ്‍സ് നേടിയ ഗുര്‍ബാസ് പുറത്താവുമ്പോള്‍ 15.3 ഓവറില്‍ 139 റണ്‍സെന്ന മികച്ച നിലയിലേക്ക് അഫ്ഗാന്‍ എത്തിയിരുന്നു. സെഞ്ച്വറിയിലേക്കടുത്ത ഗുര്‍ബാസിനെ അസിത ഫെര്‍ണാണ്ടോയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

കൃത്യസമയത്ത് ഇബ്രാഹിം സദ്രാനെ അസിത ഫെര്‍ണാണ്ടോ മടക്കി. 38 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സ് നേടിയ ഇബ്രാഹിമിനെ ദില്‍ഷന്‍ മധുശന്‍കയാണ് പുറത്താക്കിയത്. എന്നാല്‍ അവസാന ഓവറുകളില്‍ അഫ്ഗാന് പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താനായില്ല. മുഹമ്മദ് നബിയെ (4 പന്തില്‍ 1) മഹേഷ് തീക്ഷണ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയപ്പോള്‍ നജീബുല്ല സദ്രാന്‍ (10 പന്തില്‍ 17) റണ്ണൗട്ടായി. റാഷിദ് ഖാനും (9) റണ്ണൗട്ടായി മടങ്ങി. 200 കടക്കേണ്ടിയിരുന്ന സ്‌കോര്‍ ആറ് വിക്കറ്റിന് 175 എന്ന നിലയിലേക്കൊതുക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായി.
മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. പതും നിസങ്കയും (28 പന്തില്‍ 35), കുശാല്‍ മെന്‍ഡിസും (19 പന്തില്‍ 36) ചേര്‍ന്ന് 62 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. കുശാലിനെ നവീന്‍ ഉല്‍ ഹഖും നിസങ്കയെ മുജീബുര്‍ റഹ്‌മാനുമാണ് മടക്കിയത്. ചരിത് അസലങ്കയെ (14 പന്തില്‍ 8) മുഹമ്മദ് നബി ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ക്യാപ്റ്റന്‍ ദസുന്‍ ഷണകയെ (9 പന്തില്‍ 10) മുജീബുര്‍ റഹ്‌മാനും മടക്കി. ഒരു വശത്ത് പിടിച്ചുനിന്ന ധനുഷ്‌ക ഗുണതിലകയും അടിച്ചുതകര്‍ത്ത ബാനുക രാജപക്‌സെയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 20 പന്തില്‍ 2 വീതം ഫോറും സിക്‌സും നേടിയ ഗുണതിലകയെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ പിന്നാലെയെത്തിയ വനിന്‍ഡു ഹസരങ്കയും രാജപക്‌സെക്കൊപ്പം അതിവേഗം ബാറ്റുവീശി. 14 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സെടുത്ത രാജപക്‌സയെ നവീന്‍ ഉല്‍ ഹഖ് പുറത്താക്കിയെങ്കിലും വനിന്‍ഡു ഹസരങ്കയും (9 പന്തില്‍ 16), ചമിക കരുണരത്‌നയും (2 പന്തില്‍ 5) ചേര്‍ന്ന് ശ്രീലങ്കയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

പ്ലേയിങ് 11: അഫ്ഗാനിസ്ഥാന്‍- ഹസ്‌റത്തുല്ല സസായ്, റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹി സദ്രാന്‍, നജീബുല്ല സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, കരിം ജനത്, സമീയുല്ല ഷിന്‍വാരി, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്‌മാന്‍, ഫസലാഖ് ഫറൂഖി
ശ്രീലങ്ക: പതും നിസങ്ക, കുശല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ദനുഷ്‌ക ഗുണതിലക, ബനുഷ്‌ക രജപക്‌സ, ദസുന്‍ ഷണക (ക്യാപ്റ്റന്‍), വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, അഷിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷണക