
രോഹിത്, രാഹുല്‍, കോലി, ശ്രേയസ്, സൂര്യ
ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക. ടീമിന്റെ സ്ഥിരം ക്യാപ്റ്റായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. കിരീട നേട്ടത്തോടെ തന്നെ ഇത് ആഘോഷിക്കാനായിരിക്കും രോഹിത്തിന്റെ ശ്രമം.
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക കെഎല്‍ രാഹുലായിരിക്കും. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയാണ്.

മുന്‍ നായകന്‍ വിരാട് കോലി തീര്‍ച്ചയായും ഇന്ത്യന്‍ സംഘത്തിലുണ്ടാവും. കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമിലൂടെയാണ് കടുന്നുപോവുന്നതെങ്കിലും ഏഷ്യാ കപ്പിനു ശേഷം പഴയ റണ്‍മെഷീനെ നമുക്ക് കാണാനായേക്കും.
ശ്രേയസ് അയ്യരായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാവുന്ന മറ്റൊരാള്‍. മൂന്നാം നമ്പറില്‍ മിച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശ്രേയസിന്റെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയ്ക്കു കൂടുതല്‍ ബാലന്‍സ് നല്‍കുകയും ചെയ്യും.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവും തീര്‍ച്ചയായും ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. ശ്രേയസിനേക്കാള്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളയാളും സൂര്യയാണ്. നിലവില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹം അയര്‍ലാന്‍ഡുമായുള്ള അടുത്ത പരമ്പരയിലൂടെ തിരിച്ചെത്തും.
ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

ഹാര്‍ദിക്, ജഡേജ, കാര്‍ത്തിക്, ഇഷാന്‍
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളായിരിക്കും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ മറികടന്ന് അദ്ദേഹം തന്റെ പഴയ ഫോമിലേക്കു തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലുമെല്ലാം ഹാര്‍ദിക് മികച്ച പ്രകടനമാണ് നടത്തുന്നത്.
രവീന്ദ്ര ജഡേജയായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മറ്റൊരു പ്രധാനപ്പെട്ട ഓള്‍റൗണ്ടര്‍. നിലവില്‍ പരിക്കേറ്റു വിശ്രമിക്കുന്ന ജഡ്ഡു ഹാര്‍ദിക്കിനെപ്പോലെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ടായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അത്ര മികച്ചതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകടനം.

റിഷഭ് പന്തിനു പകരം വെറ്ററന്‍ താരം കൂടിയായ ദിനേശ് കാര്‍ത്തിക് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കാനാണ് സാധ്യത. ബാറ്റിങില്‍ റിഷഭ് മോശം ഫോമിലാണ്. കഴിഞ്ഞ ഐപിഎല്ലിലും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലുമെല്ലാം ഇതു കാണാന്‍ സാധിക്കും. അതിനാല്‍ റിഷഭിനെ പുറത്തിരുത്തി ഡികെയെ ഇന്ത്യ ഏഷ്യാ കപ്പിലെടുത്തേക്കും.
ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലുണ്ടാവുക ഇഷാന്‍ കിഷനായിരിക്കും. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ഓപ്പണറായി മിന്നുന്ന പ്രകടനമാണ് താരം നടത്തുന്നത്.
'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

ചാഹല്‍, കുല്‍ദീപ്, ഹര്‍ഷല്‍, ഭുവി, ഷമി, ബുംറ
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക യുസ്വേന്ദ്ര ചാഹലായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ തഴയപ്പെട്ട ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും ചാഹലിനായിരുന്നു. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ചാഹലിന്റെ സ്പിന്‍ പങ്കാളിയായി വന്നേക്കുക കുല്‍ദീപ് യാദവായിരിക്കും. കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നാണ് ഈ ഐപിഎല്ലില്‍ കുല്‍ദീപ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

പേസ് ബൗളിങിലേക്കു വരികയാണെങ്കില്‍ ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാവുക. സമീപകാലത്തു ദേശീയ ടീമിനായി മികച്ച പ്രകടനമാണ് ഹര്‍ഷല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 18 വിക്കറ്റുകളുമായി ഐപിഎല്ലിലും താരം കസറിയിരുന്നു.
മികച്ച പ്രകടനങ്ങളിലൂടെ ഭുവി ദേശീയ ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിച്ചുകഴിഞ്ഞു. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്.

ഷമി ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമിനായി സ്ഥിരമായി കളിക്കാറില്ലെങ്കിലും ഏഷ്യാ കപ്പിലുണ്ടാവും. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവച്ചത്.
പേസ് ബൗളിങില്‍ ഇന്ത്യയുടെ കുന്തമുന ബുംറ തന്നെയായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മോശമല്ലാത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ബുംറ ഏഷ്യാ കപ്പിലും കസറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications











