ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. നാട്ടില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറന്ന റെക്കോര്‍ഡാണ് അശ്വിനെ തേടിയെത്തിയത്. മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് അശ്വിന്‍ എലൈറ്റ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയത്. ഡോം സിബ്ലി, ഡാന്‍ ലോറന്‍സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു. ഇതോടെ ഭാജിയെ അദ്ദേഹം മറികടക്കുകയായിരുന്നു.
നാട്ടില്‍ 45 ടെസ്റ്റുകളില്‍ നിന്നും 22.64 ശരാശരിയില്‍ അശ്വിന്‍ 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 22 തവണ അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. 59 റണ്‍സിനു ഏഴു വിക്കറ്റെടുത്തതാണ് അശ്വിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. ഹര്‍ഭജന്‍ നാട്ടില്‍ 55 ടെസ്റ്റുകളില്‍ നിന്നും 28.77 ശരാശരിയില്‍ വീഴ്ത്തിയത് 265 വിക്കറ്റുകളായിരുന്നു. നാട്ടില്‍ കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ലോക ക്രിക്കറ്റിലെ നാലാമത്തെ താരമാണ് അശ്വിന്‍. ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനോടൊപ്പം നാലാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം.
ഇന്ത്യക്കായി നാട്ടില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ്. 63 മല്‍സരങ്ങളില്‍ നിന്നും 24.90 ശരാശരിയില്‍ 350 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ അശ്വിനെക്കൂടാതെ നിലവില്‍ മല്‍സരരംഗത്തുള്ള മറ്റൊരു താരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ജഡേജ 33 ടെസ്റ്റുകളില്‍ നിന്നും 157 വിക്കറ്റുകളുമായി അഞ്ചാംസ്ഥാനത്തുണ്ട്.
മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറിമായ കപില്‍ ദേവാണ് (65 ടെസ്റ്റ് 219 വിക്കറ്റ്) ജഡേജയ്ക്കു മുകളില്‍ നാലാംസ്ഥാനത്തുള്ളത്. ബി ചന്ദ്രശേഖര്‍ (32 ടെസ്റ്റ്, 142 വിക്കറ്റ്), ബിഷന്‍ സിങ് ബേദി (30 ടെസ്റ്റ്, 137 വിക്കറ്റ്), ജവഗല്‍ ശ്രീനാഥ് (32 ടെസ്റ്റ്, 108 വിക്കറ്റ്), സഹീര്‍ ഖാന്‍ (38 ടെസ്റ്റ്, 104 വിക്കറ്റ്), വിനു മങ്കാദ് (23 ടെസ്റ്റ്, 103 വിക്കറ്റ്) എന്നിവരാണ് അഞ്ചു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.