
അമ്പാട്ടി റായുഡു
ഐപിഎല്ലിലെല്ലാം ഇടിവെട്ട് പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവിന്റെ പേര് കേട്ട് പലരും ആശ്ചര്യപ്പെടുന്നുണ്ടാവും. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനുമായെല്ലാം കളിക്കവെ ഒരുപാട് സിക്‌സറുകള്‍ റായുഡു പറത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ ടീമിനു വേണ്ടി ടി20യില്‍ ഒരു സിക്‌സര്‍ പോലും അദ്ദേഹം നേടിയിട്ടില്ലെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.
ഇന്ത്യക്കു വേണ്ടി 2014 മുതല്‍ 16 വരെയുള്ള കാലയളവില്‍ ആറു ടി20കളിലാണ് റായുഡു കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും വെറും 42 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുമുള്ളൂ. അഞ്ചു ബൗണ്ടറികള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു സിക്‌സര്‍ പോലും നേടാനായില്ല.

സ്റ്റീഫന്‍ ഫ്‌ളെമിങ്
ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളെമിങാണ് ദേശീയ ടീമിനായി ടി20യില്‍ ഒരു സിക്‌സര്‍ പോലുമില്ലാത്ത മറ്റൊരു വമ്പന്‍ താരം. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ടി20 ഫോര്‍മാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനുള്ള ഭാഗ്യവുമുണ്ടായില്ല. അഞ്ചു ടി20കളാണ് ന്യൂസിലാന്‍ഡിനായി ഫ്‌ളെമിങ് കളിച്ചത്. ഇവയില്‍ നിന്നും 110 റണ്‍സെടുക്കുകയും ചെയ്തു. പക്ഷെ ഒരു തവണ പോലും സിക്‌സര്‍, പായിക്കാന്‍ അദ്ദേഹത്തിനായില്ല.

ഹെന്റി നിക്കോള്‍സ്
ന്യൂസിലാന്‍ഡിന്ററ തന്നെ മറ്റൊരു താരമാണ് ഹെന്റി നിക്കോള്‍സ്. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം ക്ലിക്കായില്ല. 2016 മുതല്‍ 2021 വരെ ന്യൂസിലാന്‍ഡിനായി 10 ിട20കളിലാണ് നിക്കോള്‍സ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നു നേടിയതാവട്ടെ 100 റണ്‍സുമാണ്. പുറത്താവാതെ നേടിയ 36 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 ടി20കളില്‍ നിന്നും ഒമ്പതു ബൗണ്ടറികള്‍ മാത്രമടിച്ച നിക്കോള്‍സിന്റെ പേരില്‍ ഒരു സിക്‌സര്‍ പോലുമില്ല.

ഇമാമുള്‍ ഹഖ്
പാകിസ്താന്റെ യുവ ബാറ്റര്‍ ഇമാമുള്‍ ഹഖാണ് ടി20യില്‍ സിക്‌സറില്ലാത്ത മറ്റൊരു താരം. ടി20യില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ പാക് ടീമിനായി കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചുള്ളൂ. 2019ലായിരുന്നു ഇത്. രണ്ടിന്നിങ്‌സുകളില്‍ നിന്നും 84 സ്‌ട്രൈക്ക് റേറ്റോടെ 21 റണ്‍സാണ് ഇമാമുള്‍ ഹഖ് സ്‌കോര്‍ ചെയ്തത്. പക്ഷെ ദേശീയ ടീമിനല്ലാതെ വിവിധ ടി20 മല്‍സരങ്ങളില്‍ നിന്നായി 37 സിക്‌സറുകള്‍ താരം നേടിയിട്ടുണ്ട്. 78 ടി20കളില്‍ നിന്നുമാണിത്.

ആന്‍ഡ്രു സ്‌ട്രോസ്
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ആന്‍ഡ്രു സ്‌ട്രോസും ദേശീയ ടീമിനു വേണ്ടി ടി20യില്‍ ഒരു സിക്‌സര്‍ പോലുമിടിച്ചിട്ടില്ല. ഇംഗ്ലണ്ടിനെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്തിച്ച നായകന്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷെ ടി20 ഫോര്‍മാറ്റ് സ്‌ട്രോസിനു വഴങ്ങാത്ത ഒന്നായി മാറി.
2005 മുതല്‍ 09 വരെ നാലു വര്‍ഷത്തിനിടെ നാലു ടി20കളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 114 സ്‌ട്രൈക്ക് റേറ്റോടെ 73 റണ്‍സുമെടുത്തു. ഒമ്പതു ബൗണ്ടറികളാണ് ടി20 കരിയറില്‍ സ്‌ട്രോസിന്റെ ആകെ സമ്പാദ്യം.


Click it and Unblock the Notifications











