ASIAN GAMES: ഇന്ത്യ അയക്കുക സീനിയേഴ്‌സ് പടയെ! തിരിച്ചുവരവ് കാത്ത് 5 പേര്‍! ഞെട്ടിക്കും
മുംബൈ: ഏഷ്യന്‍ ഗെയിംസിന് ഇത്തവണ പുരുഷ ക്രിക്കറ്റ് ടീമിനെയും അയക്കുമെന്ന ചരിത്ര തീരുമാനം ബിസിസിഐ പ്രഖ്യാപിച്ച് കഴിഞ്ഞു. 2014ന് ശേഷം ക്രിക്കറ്റിനെ ഉള്‍പ്പെടുത്തി നടക്കുന്ന ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണ് വരാനിരിക്കുന്നത്. 2014ല്‍ ശ്രീലങ്കന്‍ ടീം നേടിയ സ്വര്‍ണ്ണം ഇത്തവണ അലമാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യന്‍ പുരുഷ ടീമിനെ ബിസിസിഐ ഏഷ്യന്‍ ഗെയിംസിനിറക്കുക. ഏകദിന ലോകകപ്പിന്റെ സമയത്താണ് ഏഷ്യന്‍ ഗെയിംസും നടക്കുന്നത്.
അതുകൊണ്ടുതന്നെ ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലാത്ത രണ്ടാം നിര ടീമിനെയാവും ഇന്ത്യ ഏഷ്യന്‍ ഗെയിംസിനയക്കുകയെന്നുറപ്പാണ്. പ്രമുഖരായ യുവതാരങ്ങളെ ലോകകപ്പില്‍ ബാക്കപ്പായി ഇന്ത്യ നിലനിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ടീമില്‍ ചില സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സാധ്യത കാണുന്നുണ്ട്.
ഇന്ത്യയുടെ ടി20 ടീമിന് പുറത്തായിട്ട് നാളുകളേറെയായെങ്കിലും ഇപ്പോള്‍ അപ്രതീക്ഷിതമായി ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം അജിന്‍ക്യ രഹാനെയാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരം ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രഹാനെക്കുണ്ട്.
ഇന്ത്യക്കായി 20 ടി20കളാണ് രഹാനെ കളിച്ചത്. നേടിയത് 375 റണ്‍സും. 2016ലാണ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. എന്നാല്‍ അവസാന ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങാണ് രഹാനെ നടത്തിയത്. 14 മത്സരത്തില്‍ നിന്ന് 326 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അതും 172 സ്‌ട്രൈക്ക് റേറ്റില്‍. ലോകകപ്പില്‍ രഹാനെക്ക് സ്ഥാനമുണ്ടാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ രഹാനെക്ക് വിളിയെത്തിയാലും അത്ഭുതപ്പെടാനാവില്ല.

ശിഖര്‍ ധവാനാവും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇടം കൈയന്‍ ഓപ്പണര്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ധവാനെ ഇന്ത്യ പരിഗണിക്കുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. സ്ഥിരതയോടെ കളിക്കുന്ന ധവാന്റെ സ്‌ട്രൈക്ക് റേറ്റ് മോശമായതോടെയാണ് പരിമിത ഓവര്‍ ടീമില്‍ നിന്ന് തഴയപ്പെട്ടത്.
ഇന്ത്യക്കായി 68 ടി20യില്‍ നിന്ന് 1759 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 2021ലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ടി20 കളിച്ചത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ സീനിയര്‍ താരമായി ഇന്ത്യയെ നയിക്കാന്‍ ധവാനുണ്ടാവും. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ അശ്വിന്‍ ഇപ്പോള്‍ ടെസ്റ്റ് പദ്ധതികളില്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ അശ്വിന്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായിരുന്ന അശ്വിന്‍ 65 ടി20കളില്‍ നിന്നായി 72 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2022 നവംബറിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ടി20 കളിച്ചത്. ലോകകപ്പില്‍ അശ്വിന് ഇടം ലഭിക്കില്ലെന്നുറപ്പാണെന്നിരിക്കെ അശ്വിനും ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അശ്വിന് ലഭിച്ചേക്കും.
മറ്റൊരാള്‍ മോഹിത് ശര്‍മയാണ്. ഇന്ത്യക്കായി എട്ട് ടി20 കളിച്ച മോഹിത് 6 വിക്കറ്റാണ് നേടിയത്. 2015ലാണ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഒരു ഫോര്‍മാറ്റിലും മോഹിത്തിന് അവസരമില്ല. അവസാന ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് മോഹിത് കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസിലേക്ക് മോഹിത്തും പരിഗണിക്കപ്പെടാന്‍ സാധ്യതയേറെയാണ്.
ഇന്ത്യയുടെ ലെഗ് ബ്രേക്ക് സ്പിന്നറായ പീയൂഷ് ചൗള 7 ടി20കളാണ് ദേശീയ ടീമിനായി കളിച്ചത്. 2012ലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഐപിഎല്ലില്‍ കളി തുടരുന്ന ചൗള മുംബൈ ഇന്ത്യന്‍സിനൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ചൗളയും ഇടം നേടാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications