ലാഹോര്‍: പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കിന് അപൂര്‍വ്വനേട്ടം. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഏഷ്യയിലെ തന്നെ ആദ്യത്തെ താരമെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായി. പാകിസ്താനില്‍ നടന്നു കൊണ്ടിരിക്കുന്ന നാഷണല്‍ ടി20 കപ്പില്‍ ബലോചിസ്ഥാനെതിരായ മല്‍സരത്തില്‍ 44 പന്തില്‍ 74 റണ്‍സെടുത്തതോടെയാണ് മാലിക്ക് എലൈറ്റ് ക്ലബ്ബില്‍ അംഗത്വം നേടിയത്.

ലോക ക്രിക്കറ്റില്‍ തന്നെ വെറും രണ്ടു താരങ്ങള്‍ മാത്രമേ കുട്ടി ക്രിക്കറ്റില്‍ നേരത്തേ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുള്ളൂ. രണ്ടു പേരും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുമാണ്. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്‌ലാണ് 13,296 റണ്‍സോടെ ലിസ്റ്റില്‍ തലപ്പത്ത്. 404 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. കിരോണ്‍ പൊള്ളാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. 518 കളികളില്‍ നിന്നും 10,370 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
395 ടി20കളിലാണ് മാലിക്ക് 10,000 റണ്‍സ് തികച്ചത്. 37.41 ശരാശരിയില്‍ 125.71 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. 62 ഫിഫ്റ്റികള്‍ മാലിക്കിന്റെ അക്കൗണ്ടിലുണ്ടെങ്കിലും സെഞ്ച്വറിയെന്ന സ്വപ്‌നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ല. ടി20യില്‍ ഇതുവരെ നേടിയ 10,027 റണ്‍സില്‍ 2335 റണ്‍സ് മാലിക്ക് പാകിസ്താന്‍ കുപ്പായത്തില്‍ നേടിയതാണ്. ശേഷിച്ച റണ്‍സ് വിവിധ ടി20 ലീഗുകളിലാണ് അദ്ദേഹം അടിച്ചെടുത്തത്.

ചരിത്രനേട്ടം കുറിച്ച മാലിക്കിനെ ഭാര്യയും ഇന്ത്യയുടെ ടെന്നീസ് റാണിയുമായ സാനിയാ മിര്‍സ അഭിനന്ദിച്ചു. ദീര്‍ഘായുസ്, ക്ഷമ, കഠിനാധ്വാനം, ത്യാഗം, വിശ്വാസം. ഒരുപാട് അഭിമാനമെന്നായിരുന്നു ഹൃദയത്തിന്റെ ഇമോജിയോടു കൂടി സാനിയ ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെയായിരുന്നു ഇത്. എങ്കിലും 38 കാരനായ മാലിക്ക് ഇപ്പോഴും പാകിസ്താന്റെ ടി20 ടീമില്‍ കളിക്കുന്നുണ്ട്. ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പര കളിച്ചപ്പോള്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു.