ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാമങ്കത്തിനു പിന്നാലെ കളി മതിയാക്കുന്നതായി അദ്ദേഹം ലോകത്തെ അറിയിക്കുകയായിരുന്നു.
അശ്വിന്റെ വിരമിക്കല്‍ വെറുമൊരു തുടക്കം മാത്രമാണെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷം കൂട്ട വിരമിക്കല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നമുക്കു കാണാന്‍ സാധിച്ചേക്കും. 2025ല്‍ വിരമിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ (37 വയസ്സ്)
ഇന്ത്യന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് അടുത്ത വര്‍ഷം ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയാന്‍ സാധ്യതയുള്ള ഒരാള്‍. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി അദ്ദേഹത്തിന്റെ അവസാനത്തേത് ആയിരിക്കും. ടൂര്‍ണമെന്റിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
ഈ വര്‍ഷം അദ്ദേഹം ടി20യില്‍ നിന്നും വിരമിച്ചിരുന്നു. നിലവില്‍ വളരെ മോശം ഫോമിലൂടെയാണ് ടെസ്റ്റില്‍ രോഹിത് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. റണ്ണെടുക്കാന്‍ പാടുപെടുന്ന അദ്ദേഹം ക്യാപ്റ്റന്‍സിയിലും പിഴവുകള്‍ വരുത്തുകയാണ്.
അടുത്ത ജൂണില്‍ നടക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ ഇനി കളിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ കളി മതിയാക്കാന്‍ തന്നെയായിരിക്കും രോഹിത്തിന്റെ നീക്കമെന്നാണ് സൂചനകള്‍.
വിരാട് കോലി (36 വയസ്)
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് അടുത്ത വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കാവുന്ന രണ്ടാമത്തെ താരം. രോഹിത് ശര്‍മയ്‌ക്കൊപ്പം തന്നെ ടി20യില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ടെസ്റ്റില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയാണ്. കോലിയുടെ ബാറ്റിങില്‍ പഴയ ആത്മവിശ്വാസം ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. മാത്രമല്ല ഒരേ തരത്തിലുള്ള പിഴവുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു,
അടുത്ത ഡബ്ല്യുടിസി ഫൈനലിലേക്കു ഇന്ത്യക്കു യോഗ്യത നേടാനായില്ലെങ്കില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത്തിനൊപ്പം കോലിയും കളി മതിയാക്കാന്‍ സാധ്യത കൂടുതലാണ്. 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും കളിക്കാനായേക്കില്ല. അതിനാല്‍ ചാംപ്യന്‍സ് ട്രോഫിയോടെ മതിയാക്കാനായിരിക്കും കോലിയുടെ ആഗ്രഹം.
അജിങ്ക്യ രഹാനെ (36)
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ അജിങ്ക്യ രഹാനെയാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. 36 കാരനായ അദ്ദേഹം ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ല. നേരത്തേ റെഡ് ബോള്‍ ക്രിക്കറ്റില്‍ അഞ്ചാം നമ്പറിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
എന്നാല്‍ ഇപ്പോള്‍ രഹാനെ ടീമിനു പുറത്താണ്. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റിനു ശേഷം അദ്ദേഹം കളിച്ചിട്ടുമില്ല. ഇനി രഹാനെയ്ക്കു ദേശീയ ടീമിലേക്കു മടങ്ങിവരവും അസാധ്യമാണ്. അതിനാല്‍ തന്നെ 2025ല്‍ അദ്ദേഹവും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ചേതേശ്വര്‍ പുജാര (36)
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ വന്‍ മതിലെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചേതേശ്വര്‍ പുജാരയാണ് അടുത്ത വര്‍ഷം വിരമിക്കാനിടയുള്ള നാലാമത്തെയാള്‍. അജിങ്ക്യ രഹാനെയെപ്പോലെ 36 കാരനായ പുജാരയും ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ല. ഇനി അദ്ദേഹത്തിനൊരു മടങ്ങിവരവും അസാധ്യമാണ്.
അതിനാല്‍ വിരമിക്കലാവും പുജാരയ്ക്കു മുന്നിലുള്ള ഏക ഓപ്ഷന്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയയുമായി ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇതില്‍ ഫ്‌ളോപ്പായ ശേഷം ടെസ്റ്റ് ടീമില്‍ നിന്നും പുജാര തെറിക്കുകയുമായിരുന്നു. ഇനി അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കാനും സാധ്യതയില്ല.
രവീന്ദ്ര ജഡേജ (36)
വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ലിസ്റ്റിലെ അഞ്ചാമത്തെ താരം. ടി20യില്‍ നിന്നും വിരമിച്ച അദ്ദഹം ടെസ്റ്റില്‍ ഇപ്പോഴും ടീമിന്റെ അവിഭാജ്യഘടകമാണ്. എന്നാല്‍ 36 കാരനായ ജഡ്ഡുവും ഇപ്പോള്‍ കരിയറിന്റെ അവസാനത്തിലേക്കു എത്തി നില്‍ക്കുകയാണ്.
നാട്ടില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും പുറത്ത് അദ്ദേഹത്തിനു വേണ്ടത്ര തിളങ്ങാന്‍ സാധിക്കാറില്ല. അതുകൊണ്ടു തന്നെ ഡബ്ല്യുടിസിയുടെ അടുത്ത സൈക്കിളില്‍ ജഡ്ഡുവിനു പകരം യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. അതുകൊണ്ടു തന്നെ അദ്ദേഹം വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്.