ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. രണ്ടു നിര്‍ണായക താരങ്ങളില്ലാതെയാണ് സിഎസ്‌കെ ഈ സീസണണില്‍ ഇറങ്ങുന്നത്. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന, പരിചയ സമ്പന്നനായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഈ സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുന്നില്ല.

ഓസ്‌ട്രോലിയയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെയും അമ്പാട്ടി റായുഡുവിനെയുമാണ് ചോപ്ര സിഎസ്‌കെയുടെ ഓപ്പണര്‍മാരായി ചൂണ്ടിക്കാട്ടിയത്. ടീമിലെ ഏറ്റവും നിര്‍ണാകമായ മൂന്നാം നമ്പറില്‍ കളിച്ചിരുന്ന റെയ്‌നയുടെ സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ്.
നാലാം നമ്പറില്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ കളിപ്പിക്കണമെന്നാണ് ചോപ്ര ആവശ്യപ്പെടുന്നത്. അഞ്ചാം നമ്പര്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു നല്‍കിയ അദ്ദേഹം ആറാമനാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ്. ഏഴാമനായി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ കളിക്കും. ബൗളിങിലേക്കു വന്നാല്‍ ദീപക് ചഹറും ഷര്‍ദ്ദുല്‍ താക്കൂറും പേസ് ബൗളിങ് കൈകാര്യം ചെയ്യുമ്പോള്‍ പിയൂഷ് ചൗളയും ഇമ്രാന്‍ താഹിറുമാണ് സ്പിന്നര്‍മാര്‍.
ഒരുപാട് പ്രതിസന്ധികള്‍ ഇതിനകം തന്നെ സിഎസ്‌കെ ഈ സീസണിനു മുമ്പ് നേരിട്ടെങ്കിലും ഇപ്പോഴും പ്ലേഓഫിലെത്താന്‍ അവര്‍ക്കു സാധിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ജഡേജയായിരിക്കും ഈ സീസണില്‍ സിഎസ്‌കെയുടെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചോപ്ര തിരഞ്ഞെയടുത്ത സിഎസ്‌കെയുടെ പ്ലെയിങ് ഇലവന്‍
ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി, കേദാര്‍ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, പിയൂഷ് ചൗള, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍.