കറാച്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ നാകനുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായ പ്രകടനവുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുള്‍ ഹഖ്. ധോണിയെപ്പോലെ മഹാനായ ഒരു ക്രിക്കറ്റില്‍ വീട്ടിലിരുന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു കളിക്കളത്തില്‍ വച്ചായിരുന്നു അദ്ദേഹം വിരമിക്കേണ്ടിയിരുന്നതെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.

ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ക്രിക്കറ്ററാണ് ധോണി. അദ്ദേഹത്തെ ഗ്രൗണ്ടില്‍ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തന്റെ അഭിപ്രായത്തില്‍ ഇത്രയും മഹാനായിട്ടുള്ള ഒരു ക്രിക്കറ്റര്‍ വീട്ടിലിരുന്ന് താന്‍ കളി മതിയാക്കുന്നതായി പ്രഖ്യാപിക്കാന്‍ പാടില്ല. ഗ്രൗണ്ടിലാണ് കരിയറിലെ ഇതുപോലെ നിര്‍ണായകമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഇന്‍സി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇതേ കാര്യം തന്നെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറോടും മുമ്പ് താന്‍ പറഞ്ഞിട്ടുള്ളത്. ഇത്രയും വലിയ ആരാധകവൃന്ദമുള്ള നിങ്ങള്‍ ഗ്രൗണ്ടില്‍ വച്ച് നിങ്ങളുടെ യാത്ര അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹത്തോടു പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ഇത്രയും വലിയ താരപദവി നേടിത്തന്നത് ഈ ഗ്രൗണ്ട് തന്നെയാണ്. ധോണിയുടെ കാര്യത്തിലും ഇതേ അഭിപ്രായമാണ് തനിക്കുള്ളത്. ഗ്രൗണ്ടില്‍ വച്ചായിരുന്നു വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അത് താനുള്‍പ്പെടെയുള്ള ആരാധകര്‍ക്കും സന്തോഷമാവുമായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നാണ് ധോണിയെ താന്‍ വിലയിരുത്തുന്നതെന്നും ഇന്‍സി വ്യക്തമാക്കി.

സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍ എന്നിവരെപ്പോലുള്ള മാച്ച് വിന്നര്‍മാരെ വളര്‍ത്തിയെടുത്ത ധോണിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍. കളിക്കാരെ എങ്ങനെ സൃഷ്ടിച്ചെടുക്കണമെന്ന് നന്നായി അറിയുന്ന ബുദ്ധിശാലിയായ ക്രിക്കറ്ററായിരുന്നു ധോണി. ധോണി കൊണ്ടു വന്ന ഏറ്റവും മികച്ച രണ്ടു കളിക്കാരാണ് റെയ്‌നയും അശ്വിനും. കളിയെക്കുറിച്ച് നല്ല അറിവുള്ള ധോണി താരങ്ങളെ തിരഞ്ഞെടുത്ത ശേഷം അവരെ മഹാന്‍മാരാക്കി തീര്‍ക്കുകയാണ് ചെയ്തിരുന്നതെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.
മല്‍സരം എങ്ങനെ ഫിനിഷ് ചെയ്യുമെന്ന് നന്നായി അറിയുന്ന താരമായിരുന്നു ധോണി. എല്ലാ മല്‍സരത്തിലും സെഞ്ച്വറി നേടിയിരുന്ന കളിക്കാരനായിരുന്നില്ല അദ്ദേഹം. എന്നാല്‍ ടീമിനെ എങ്ങനെ ജയിപ്പിക്കാമെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയാണ് ധോണി ചെയ്തിരുന്നതെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് 15ന് ശനിയാഴ്ച രാത്രി 7.29നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ലോകത്തെ അറിയിച്ചത്. കരിയറിലുടനീളം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 7.29 മുതല്‍ നിങ്ങള്‍ക്കു തന്നെ വിരമിച്ചതായി കണക്കാക്കാമെന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ വീഡിയോക്കൊപ്പം ധോണി കുറിച്ചത്.