ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ എംഎസ് ധോണിയും ഭാര്യ സാക്ഷിയും ഒന്നായിട്ട് 13 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 2023 ജൂലൈ നാലിന് ഇരുവരുടെയും വിവാഹ ജീവിതം 13 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് ധോണിയും സാക്ഷിയും. ധോണിയുടെ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ സാക്ഷി എത്താറുണ്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് സാക്ഷി സുപരിചിതയാണ്.
ധോണിയുടെയും സാക്ഷിയുടെയും പ്രണയ വിവാഹമായിരുന്നു. രണ്ടുപേരുടെയും പ്രണയ കഥകള്‍ നിരവധി തവണ പുറത്തുവന്നിട്ടുള്ളതാണ്. ഇരുവരുടെയും പിതാക്കന്മാര്‍ ഒന്നിച്ച് ജോലി ചെയ്തവരാണെന്നും ഈ പരിചയമാണ് ധോണിയേയും സാക്ഷിയേയും ഒന്നിപ്പിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധോണിയും സാക്ഷിയും ഒന്നിച്ച് പഠിച്ചവരാണെന്നും കഥകള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ സത്യത്തില്‍ ധോണി-സാക്ഷി പ്രണയം ആരംഭിച്ചത് എങ്ങനെയാണ്?.
ഇരുവരും ഒന്നിച്ച് പഠിച്ചുവെന്നത് പാപ്പരസികള്‍ സൃഷ്ടിച്ച കഥയാണ്. സാക്ഷിയെക്കാള്‍ 7 വയസിന് മുതിര്‍ന്നയാളാണ് ധോണി. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ച് പഠിക്കാനുള്ള സാധ്യതയില്ലെന്ന് പറയാം. ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ വിവാഹ ശേഷമാണ് ആദ്യമായി റാഞ്ചിയിലേക്ക് വന്നതെന്ന് സാക്ഷി തുറന്ന് പറയുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതലെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണ്.
2007 ഡിസംബര്‍ 19നാണ് സാക്ഷിയും ധോണിയും ആദ്യമായി കണ്ടുമുട്ടുന്നത്. സാക്ഷി അന്ന് കൊല്‍ക്കത്തയിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്നു. ഇതേ ഹോട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്നത്. ഇന്ത്യന്‍ ടീം റൂം ഒഴിഞ്ഞുപോകുന്ന ദിവസം രണ്ടുപേരുടെയും പൊതു സുഹൃത്ത് വഴിയാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും പിന്നീട് 2010ല്‍ വിവാഹത്തിലേക്കുമെത്തുന്നത്. ഇരുവര്‍ക്കും സിവയെന്ന പേരില്‍ മകളുണ്ട്.

ധോണിയെപ്പോലെ സാക്ഷിക്കും സിവക്കും വലിയ ആരാധക പിന്തുണയുണ്ട്. ധോണി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന താരമാണ്. അദ്ദേഹം വളരെ അപൂര്‍വ്വമായി മാത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നത്. എന്നാല്‍ സാക്ഷിയും സിവയും സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളാണ്. ധോണിയോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
ക്രിക്കറ്റിന്റെ ഇടവേളകളില്‍ കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യാന്‍ ധോണിക്ക് വളരെ ഇഷ്ടമാണ്. വാഹനങ്ങളുടെ വലിയൊരു ശേഖരം ധോണിക്കുണ്ട്. അതുകൊണ്ടുതന്നെ സ്വയം ഡ്രൈവ് ചെയ്ത് പോകാനാണ് ധോണി കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒട്ടുമിക്ക വിവാഹ വാര്‍ഷികത്തിലും സാക്ഷിക്കൊപ്പം സമയം ചിലവിടാന്‍ ധോണി ശ്രമിക്കാറുണ്ട്. വിന്റേജ് വാഹനങ്ങളോട് പ്രത്യേക കമ്പമുള്ളയാളാണ് ധോണി. സാക്ഷിക്കും പഴയ വാഹനങ്ങളോട് ഇഷ്ടമുണ്ട്.
ഒരു തവണ വിവാഹ വാര്‍ഷികത്തില്‍ വോക്‌സ് വാഗണിന്റെ പഴയ മോഡല്‍ കാറാണ് ധോണി സാക്ഷിക്ക് സമ്മാനിച്ചത്. ഒട്ടുമിക്ക വിവാഹ വാര്‍ഷികവും യാത്രകള്‍ക്കിടയിലാവും ഇവര്‍ ആഘോഷിക്കുന്നത്. ഇത്തവണയും അവര്‍ യാത്രയിലാണ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുമതലകളൊന്നും ധോണിക്കില്ല. ഐപിഎല്ലും അവസാനിച്ചതിനാല്‍ അദ്ദേഹം വിശ്രമത്തിലാണ്.
2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളി തുടരുന്നു. അടുത്ത വര്‍ഷവും സിഎസ്‌കെ ജഴ്‌സിയിലുണ്ടാവുമെന്ന് പ്രഖ്യാപിച്ചാണ് ധോണി ഇത്തവണ മടങ്ങിയത്. അവസാന സീസണിലെ ഐപിഎല്‍ കിരീടം സിഎസ്‌കെയ്ക്കായിരുന്നു. ധോണി ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വിരമിച്ച ശേഷം അദ്ദേഹം കൃഷിയാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.
ധോണിയുടെ പേരില്‍ പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. സ്വന്തമായി ബിയര്‍ ബ്രാന്റും ധോണിക്കുണ്ട്. ക്രിക്കറ്റിനോട് പൂര്‍ണ്ണമായും ധോണി വിടപറയാന്‍ സാധ്യതയില്ല. പുതിയ റോളില്‍ ഇന്ത്യന്‍ ടീമിലേക്ക് ധോണി എത്തിയേക്കില്ല. പക്ഷെ സിഎസ്‌കെയ്‌ക്കൊപ്പം ഇനിയും ഏറെ നാള്‍ അദ്ദേഹം തുടര്‍ന്നേക്കും.