റഷ്യയില്‍ ആര് ചാമ്പ്യന്‍മാരാകും ? ബ്രസീലിനൊപ്പമാണ് ബെറ്റിംഗ് സംഘങ്ങള്‍ ! കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് 7-1ന് തകര്‍ന്നു പോയ മഞ്ഞപ്പട ശക്തമായി തിരിച്ചു വന്നിരിക്കുന്നു.
നാല് വര്‍ഷത്തിനിടെ ബ്രസീലിയന്‍ ഫുട്‌ബോളില്‍ എന്തൊക്കെയാണ് സംഭവിച്ചത് ? സ്‌കോളാരിയും ദുംഗയും മാറിമാറി പരിശീലിപ്പിച്ച ബ്രസീലിനെ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ടിറ്റെ എന്ന പരിശീലകന്‍ മാറ്റിമറിച്ചുവെന്ന് തന്നെ പറയേണ്ടി വരും. ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ ക്രൊയേഷ്യയെയും ആസ്ത്രിയയെയും തോല്‍പ്പിച്ച് ടിറ്റെയും സംഘവും വലിയ സൂചനകള്‍ നല്‍കുന്നു. എതിരില്ലാതെ ജയിക്കാനാണ് വരുന്നതെന്ന സൂചന. ടിറ്റെ കളി പഠിപ്പിക്കാന്‍ തുടങ്ങിയതിന് ശേഷം ബ്രസീല്‍ പഴയ പ്രതാപകാലം തിരിച്ചുപിടിച്ചു. 17 ജയം, മൂന്ന് ഡ്രോ. 17 വിജയങ്ങളില്‍ 15 ഉം ഗോള്‍ വഴങ്ങാതെ. 47 ഗോളുകളാണ് ബ്രസീല്‍ അടിച്ച് കൂട്ടിയത്. വഴങ്ങിയത് അഞ്ചെണ്ണം. ബ്രസീല്‍ ബ്രസീലായി മാറുന്ന കാഴ്ച.
കോപ അമേരിക്ക നൂറാം വാര്‍ഷിക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ പെറുവിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ദുംഗയെ പുറത്താക്കിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടിറ്റെയെ കൊണ്ടു വന്നു. കോറിന്ത്യന്‍സിനെ 2012 ലാറ്റിനമേരിക്കന്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും സുപ്രധാന ചാമ്പ്യന്‍ഷിപ്പായ കോപ ലിബര്‍ട്ടഡോറസ് ചാമ്പ്യന്‍മാരാക്കിയ കോച്ചാണ് ടിറ്റെ. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചെല്‍സിയെ അട്ടിമറിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് കോറിന്ത്യന്‍സിന് നേടിക്കൊടുത്തത് ടിറ്റെയുടെ പ്രശസ്തി അമേരിക്കന്‍ ഭൂഖണ്ഡത്തിന് പുറത്തേക്കെത്തിച്ചു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ടിറ്റെ ചുമതലയേല്‍ക്കുന്നത്. അതായത് പ്ലേ ഓഫ് സ്ഥാനത്തിനും പുറത്താണ് ബ്രസീല്‍. അടുത്ത ലോകകപ്പ് കളിക്കില്ലെന്ന നില. ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീലിന്റെ ആദ്യ കളി ഗ്രൂപ്പില്‍ മുന്നിലുള്ള ഇക്വഡോറിനോട്. നെയ്മറും ഗബ്രിയേല്‍ ജീസസും ഗോളടിച്ച മത്സരത്തില്‍ 3-0ന് ബ്രസീല്‍ ജയിച്ചു. പിന്നീട് ടിറ്റെക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടരെ ഏഴ് ജയങ്ങളുമായി ബ്രസീല്‍ കുതിച്ചു. യോഗ്യതാ റൗണ്ട് കളിച്ച് റഷ്യയിലേക്ക് ടിക്കറ്റെടുത്ത ആദ്യ ടീമായി ടിറ്റെയുടെ മഞ്ഞപ്പട.കാക്‌സിയസ്, ഗ്രെമിയോ, ഇന്റര്‍നാഷനല്‍, അത്‌ലറ്റികോ മിനെയ്‌റോ, പാല്‍മെറാസ് ക്ലബ്ബുകളിലൂടെ തന്നിലെ പരിശീലകനെ വിളക്കിയെടുത്ത ടിറ്റെ കോറിന്ത്യന്‍സിനെ ഫിഫ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്‍മാരാക്കി. അവിടെ അദ്ദേഹം പൂര്‍ണത അവകാശപ്പെടുന്നില്ല.
3-5-2 ഫോര്‍മേഷന്‍ സ്‌പെഷ്യലിസ്റ്റാണ് ടിറ്റെ. കൗണ്ടര്‍ അറ്റാക്കിംഗ് രീതി. എന്നാല്‍, 4-1-4-1 ഫോര്‍മേഷനിലും ടിറ്റെ തന്ത്രം മാറ്റിപ്പണിതു. കോറിന്ത്യന്‍സ് ക്ലബ്ബ് ലോകകപ്പ് നേടിയത് ഈ ഫോര്‍മേഷനില്‍ കളിച്ചാണ്. ജയിക്കാന്‍ ഒരു ഗോള്‍ മതി എന്ന സിദ്ധാന്തമാണ് ടിറ്റെക്ക്. അതുകൊണ്ട് ഗോള്‍ വഴങ്ങരുത് എന്ന സ്വാഭാവിക കാര്‍ക്കശ്യം അദ്ദേഹത്തിനുണ്ട്.
യൂറോപ്യന്‍ ക്ലബ്ബുകള്‍ വിജയകരമായി പ്രയോഗിക്കുന്ന 4-4-2 ഫോര്‍മേഷന്റെ സാധ്യതകള്‍ ടിറ്റെ ആദ്യം അറിഞ്ഞത് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ആന്ദ്രെ അലസാന്‍ഡ്രോയില്‍ നിന്നായിരുന്നു. 2008ല്‍ ബ്രസീലിയന്‍ ക്ലബ്ബ് ഇന്റര്‍നാഷനലിന്റെ കോച്ചായിരുന്നപ്പോഴാണ് ടിറ്റെ ടീമംഗമായിരുന്ന അലസാന്‍ഡ്രെയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രെന്‍ഡുകള്‍ ചോദിച്ചറിയുമായിരുന്നു. ഇംഗ്ലണ്ടില്‍ പോട്‌സ്മൗത്തിന് ലോണില്‍ കളിച്ചിരുന്ന കാലത്തെ അനുഭമായിരുന്നു അലസാന്‍ഡ്രോ പങ്കുവെച്ചത്.
ടീമിലെ ഒരംഗത്തില്‍ നിന്ന് അറിയാത്ത കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള മനോഭാവം ടിറ്റെയെ വ്യത്യസ്തനാക്കുന്നു. കളിക്കാരുമായി ഈഗോയില്ലാതെ മുന്നോട്ടു പോകുവാന്‍ ടിറ്റെയെ സഹായിക്കുന്നത് ഈ ക്യാരക്ടറാണ്.സൂപ്പര്‍ താരം നെയ്മറിനെ തന്റെ ടീമിലെ ഒരു സാധാരണ താരം മാത്രമാക്കി മാറ്റുവാന്‍ ടിറ്റെക്ക് സാധിച്ചത് ഈ ക്യാരക്ടറിന്റെ ഗുണമാണ്. തന്റെ ടീം സൂപ്പര്‍സ്റ്റാര്‍ കേന്ദ്രീകൃതമാകരുതെന്ന നിര്‍ബന്ധ ബുദ്ധി ടിറ്റെക്കുണ്ട്. അതേ സമയം, നെയ്മറിന്റെ താരപരിവേഷത്തെ അംഗീകരിച്ചു കൊടുക്കുകയും വേണം. നെയ്മറിലെ ഈഗോ വര്‍ക്കൗട്ടാകാതെ നോക്കുക എന്ന ആദ്യ വെല്ലുവിളി തന്നെ ടിറ്റെ ഭംഗിയായി അതിജീവിച്ചു.
ക്യാപ്റ്റന്‍സിയുടെ ഭാരം നെയ്മറില്‍ നിന്ന് ഇറക്കിവെക്കാന്‍ ടിറ്റെ ഒരുപായം കണ്ടെത്തി. ക്യാപ്റ്റന്‍സിയില്‍ റൊട്ടേഷന്‍ കൊണ്ടു വന്നു. ജയപരാജയങ്ങളുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഓര്‍മപ്പെടുത്തി. ഇത് നെയ്മറിന് സമ്മര്‍ദമില്ലാതെ കളിക്കുവാനുള്ള അവസരമൊരുക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസിനെ സെന്റര്‍ ഫോര്‍വേഡായി ടിറ്റെ ഉയര്‍ത്തിക്കൊണ്ടു വന്നു. റൊണാള്‍ഡോക്ക് ശേഷം ആ റോളിലേക്ക് പലരും - ഫ്രെഡ്,ജോ, ജൊനാസ്, ടര്‍ഡെലി,റൊബീഞ്ഞോ, റികാര്‍ഡോ ഒലിവേര, പാറ്റോ,ബാപ്റ്റിസ്റ്റ,ഫാബിയോനോ- വന്നു. പക്ഷേ, റൊണാള്‍ഡോ ആകാന്‍ മാത്രം സാധിച്ചില്ല. ജീസസ് ഒരു പകുതി റൊണാള്‍ഡോയെങ്കിലും ആയാല്‍ മതി ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമാകാന്‍. കാരണം, നെയ്മറിന് തന്റെ ഇഷ്ടപൊസിഷനായ ഇടത് വിംഗിലൂടെ ജീസസിലേക്ക് പന്തെത്തിക്കാം. ക്രൊയേഷ്യക്കെതിരെയും ആസ്ത്രിയക്കെതിരെയും സന്നാഹത്തില്‍ നെയ്മര്‍ ഗോളടിച്ചത് കണ്ടില്ലേ. ബാഴ്‌സലോണയില്‍ നെയ്മര്‍ ഏറെ ആസ്വദിച്ചു കളിച്ച പൊസിഷനാണിത്.
സെന്റര്‍ സ്‌ട്രൈക്കറായി ഗബ്രിയേല്‍ ജീസസ്. പിറകിലായി ഇടത് വിംഗ് അറ്റാക്കറായി നെയ്മര്‍. വലത് വിംഗ് അറ്റാക്കറായി വില്യന്‍. കുടിഞ്ഞോയും പൗളിഞ്ഞോയും നെയ്മറിനും വില്യനും ഇടയില്‍. കാസിമെറോ ഇവര്‍ക്ക് പിറകില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളില്‍. മാര്‍സലോ ലെഫ്റ്റ് വിംഗ് ബാക്ക്. ഡാനിലോ റൈറ്റ് വിംഗ് ബാക്ക്. സെന്റര്‍ ഡിഫന്‍ഡര്‍മാരായി മാര്‍ക്വുഞ്ഞോസും മിറാന്‍ഡയും. ഗോള്‍ കീപ്പര്‍ അലിസന്‍. ഇങ്ങനെയാണ് ടിറ്റെയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പ്. ഓരോ പൊസിഷനിലും ഉള്ളവര്‍ ആ പൊസിഷനിലേക്ക് ഇന്ന് കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ചവര്‍.
തകര്‍ക്കാന്‍ പറ്റാത്ത ഡിഫന്‍സ്. എതിര്‍നീക്കങ്ങളുടെ മുനയൊടിക്കുന്ന മിഡ്ഫീല്‍ഡ്. അതിവേഗത്തിലുള്ള പ്രത്യാക്രമണം. ഈ ഫോര്‍മേഷന്റെ പ്രത്യേകതയാണിതൊക്കെ. ടിറ്റെയുടെ കോറിന്ത്യന്‍സ് ലോകം കീഴടക്കിയത് ഇങ്ങനെയാണ്. ഇപ്പോള്‍, ബ്രസീലും ഇതേ ഫോര്‍മേഷനില്‍ തകര്‍ത്താടുന്നു. എന്നാല്‍, എതിരാളിയുടെ തന്ത്രത്തിന് അനുസരിച്ച് ടിറ്റെ ചെറിയ വ്യത്യാസമൊക്കെ ഫോര്‍മേഷനില്‍ വരുത്തിയേക്കാം. അത് രഹസ്യായുധമാണ്.
കോറിന്ത്യന്‍സിനെ ഫിഫ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്‍മാരാക്കിയതിന് ശേഷം ടിറ്റെ യൂറോപ്യന്‍ പരിശീലകരായ കാര്‍ലോ ആഞ്ചലോട്ടിക്കും സിനദിന്‍ സിദാനുമൊപ്പം ജോലി ചെയ്തു. പുത്തന്‍ ട്രെന്‍ഡുകള്‍ അറിയാനായിരുന്നു ഇത്. പ്രമുഖ ബ്രസീലിയന്‍ ഫുട്‌ബോള്‍ വിശകലനക്കാരന്‍ പൗളോ വിനിഷ്യസ് കൊയ്‌ലോ ഇതേക്കുറിച്ച് ദ ഗാര്‍ഡിയനില്‍ എഴുതി : ആഞ്ചലോട്ടിയില്‍ നിന്നും സിദാനില്‍ നിന്നും അറിഞ്ഞതും പഠിച്ചെടുത്തതുമായി കാര്യങ്ങള്‍ അതേ പടി കോപ്പിയടിക്കുകയല്ല ടിറ്റെ ചെയ്തത്. തനിക്കാവശ്യമുള്ളത് മാത്രം സ്വാംശീകരിച്ചെടുത്തു. അത് അയാള്‍ ബ്രസീല്‍ സ്‌ക്വാഡില്‍ ഭംഗിയായി അപ്ലൈ ചെയ്യുന്നു.
മുന്‍ പരിശീലകരെ പോലെയല്ല ടിറ്റെ. ദിവസം പത്ത് മണിക്കൂര്‍ കളിക്കാര്‍ക്കും അസോസിയേഷന്‍ അധികൃതര്‍ക്കുമൊപ്പം അയാള്‍ ചെലവഴിക്കുന്നു. ദിവസവും കളിക്കാര്‍ക്ക് വാട്‌സാപ്പിലൂടെ വീഡിയോ വിശകലനങ്ങള്‍ അയച്ചു കൊടുക്കും. പിഎസ്ജിയില്‍ കളിക്കുന്ന നെയ്മറിനും ബാഴ്‌സയിലെ കുടീഞ്ഞോക്കും ലിവര്‍പൂളിലെ ഫിര്‍മിനോക്കും മാഞ്ചസ്റ്റര്‍ സിറ്റിയിലെ ജീസസിനും ദിവസവും ടിറ്റെയുടെ വാട്‌സാപ് നിര്‍ദേശങ്ങളെത്തും. ക്ലബ്ബ് തിരക്കുകള്‍ കഴിഞ്ഞ് ഒത്തുകൂടുന്ന ദേശീയ ഫുട്‌ബോള്‍ രീതികള്‍ ടിറ്റെ പാടെ മാറ്റിയെഴുതി. ബ്രസീല്‍ എന്നത് ഇപ്പോള്‍ ഒരു ക്ലബ്ബാണ് ! ബാഴ്‌സയെ പോലെ, മാഞ്ചസ്റ്റര്‍ സിറ്റിയെ പോലെ കെട്ടുറപ്പുള്ള ഒരു ക്ലബ്ബ് !
ബ്രസീല്‍ സ്‌ക്വാഡ് : ഗോള്‍ കീപ്പര്‍മാര്‍ - അലിസന്‍ (റോമ), എഡേഴ്‌സന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), കസിയോ (കോറിന്ത്യന്‍സ്).
ഡിഫന്‍ഡര്‍മാര്‍ - മിറാന്‍ഡ (ഇന്റര്‍മിലാന്‍), മാര്‍ക്വുഞ്ഞോസ് (പാരിസ് സെയിന്റ് ജെര്‍മയ്ന്‍), തിയഗോ സില്‍വ(പാരിസ് സെയിന്റ് ജെര്‍മെയ്ന്‍), ജെറോമെല്‍ (ഗ്രെമിയോ), മാര്‍സലോ (റയല്‍മാഡ്രിഡ്), ഫാഗ്നര്‍ (കോറിന്ത്യന്‍സ്), ഡാനിലോ (മാഞ്ചസ്റ്റര്‍ സിറ്റി), ഫിലിപ് ലൂയിസ് (അത്‌ലറ്റിക്കോ മാഡ്രിഡ്).
മിഡ്ഫീല്‍ഡര്‍മാര്‍ - കാസിമെറോ (റയല്‍മാഡ്രിഡ്), ഫെര്‍നാണ്ടീഞ്ഞോ (മാഞ്ചസ്റ്റര്‍ സിറ്റി),പൗളീഞ്ഞോ (ബാഴ്‌സലോണ), റെനാറ്റോ അഗസ്‌റ്റോ (ബീജിംഗ് ഗുവോന്‍), ഫിലിപ് കുടീഞ്ഞോ (ബാഴ്‌സലോണ), വില്യന്‍ (ചെല്‍സി), ഫ്രെഡ് (ഷാക്തര്‍ ഡോനെസ്‌ക്).
ഫോര്‍വേഡ്‌സ് - നെയ്മര്‍ (പാരിസ് സെയിന്റ് ജെര്‍മെയ്ന്‍), ഗബ്രിയേല്‍ജീസസ് (മാഞ്ചസ്റ്റര്‍ സറ്റി), ഫിര്‍മിനോ (ലിവര്‍പൂള്‍), ടെയ്‌സന്‍ (ഷാക്തര്‍ ഡോനെസ്‌ക്), ഡഗ്ലസ് കോസ്റ്റ (യുവെന്റസ്).