Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ബോക്‌സിങില്‍ നമുക്ക് രണ്ടു മെഡലുകളുറപ്പ്, പ്രവചനം വിചേന്ദറിന്റേത്

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ബോക്‌സിങ്. ഇടിക്കൂട്ടില്‍ നിന്നും രാജ്യത്തിനു മെഡല്‍ നേടാന്‍ ശേഷിയുള്ള രണ്ടു താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഒളിംപ്യനും മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്. ഒളിംപിക്‌സ് ബോക്‌സിങില്‍ രാജ്യത്തിനു മെഡല്‍ സമ്മാനിച്ച ഏക പുരുഷ താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലായിരുന്നു വിജേന്ദര്‍ ഇന്ത്യക്കായി വെങ്കലം നേടിയത്. 35കാരനായ അദ്ദേഹം മൂന്നു ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി മല്‍സരിക്കുകയും ചെയ്തിട്ടുണ്ട്.

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വനിതകളുടെ ബോക്‌സിങില്‍ ഇതിഹാസ താരം മേരികോം വെങ്കലം കൈക്കലാക്കിയിരുന്നെങ്കിലും 2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്കു വെറുകൈയോടെ മടങ്ങേണ്ടി വന്നിരുന്നു. ഇത്തവണ ഇതിന്റെ ക്ഷീണം ടോക്കിയോയില്‍ തീര്‍ക്കാനായിരിക്കും ഇന്ത്യന്‍ ബോക്‌സര്‍മാരുടെ ശ്രമം. ഒമ്പതു പേരാണ് ടോക്കിയോയില്‍ രാജ്യത്തിനായി ഇടിക്കൂട്ടില്‍ ഇറങ്ങുന്നത്.

2

ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ ബോക്‌സിങ് ടീം മികച്ചതാണെന്നു വിജേന്ദര്‍ അഭിപ്രായപ്പെട്ടു. പരിചയസമ്പത്തും പ്രതിഭയുമുള്ള ബോക്‌സര്‍മാര്‍ നമ്മുടെ സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് മെഡല്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷ, വനിതാ വിഭാഗങ്ങള്‍ മെഡല്‍ സാധ്യതയുള്ള ഓരോ താരങ്ങളെ തിരഞ്ഞെടുക്കേണ്ടി വരികയാണെങ്കില്‍ മനീഷ് കൗശിക്ക്, മേരികോം എന്നിവരുടെ പേരായിരിക്കും താന്‍ പറയുകയെന്നും വിജേന്ദര്‍ വ്യക്തമാക്കി. ഇവര്‍ മാത്രമേ ബോക്‌സിങില്‍ ഇന്ത്യക്കു മെഡല്‍ നേടാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു.

മേരികോം വളരെ കരുത്തുറ്റ സ്ത്രീയാണ്. ഒളിംപിക്‌സിനു ശേഷവും അവര്‍ ബോക്‌സിങ് തുടര്‍ന്നാല്‍ ഞാന്‍ ആശ്ചര്യപ്പെടില്ല. ഒരുപാട് പേരുടെ പ്രചോദനം കൂടിയാണ് മേരികോം. ഒളിംപിക്‌സിലെ സമ്മര്‍ദ്ദം എങ്ങനെയുള്ളതാണെന്നു അവര്‍ക്കു നന്നായി അറിയാം. മേരികോം ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുമെന്ന് എനിക്കുറപ്പുമുണ്ട്. അനുഭവസമ്പത്ത് ടോക്കിയോയില്‍ അവരെ സഹായിക്കുമെന്നും വിജേന്ദര്‍ ചൂണ്ടിക്കാട്ടി.

3

വീണ്ടുമൊരു ഒളിംപിക്‌സ് മെഡല്‍ നേടണമെന്ന ആഗ്രഹം മേരികോമിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം സമ്മര്‍ദ്ദങ്ങളെ നന്നായി നേരിടാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും വിജേന്ദര്‍ പറയുന്നു. വനിതകളില്‍ മേരികോം കഴിഞ്ഞാല്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള താരമായി തനിക്കു തോന്നിയത് സിമ്രന്‍ജിത്ത് കൗറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമിത് പംഗല്‍, വികാസ് കിഷന്‍ എന്നിവര്‍ അനുഭവസമ്പത്തുള്ള ബോക്‌സര്‍മാരാണ്. പക്ഷെ കറുത്ത കുതിരയാവുമെന്നു ഞാന്‍ കരുതുന്നത് മനീഷ് കൗശിക്കാണ്. എന്റെ സമയത്തു എല്ലാവരും മെഡല്‍ സാധ്യത ചൂണ്ടിക്കാണിച്ചിരുന്നത് അഖില്‍ കുമാറിനായിരുന്നു. പക്ഷെ അധികമാരും ശ്രദ്ധിക്കാതിരുന്ന ഞാനായിരുന്നു മെഡല്‍ നേടിയത്. അതുപോലെ തന്നെ മനീഷ് ടോക്കിയോയില്‍ എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വിജേന്ദര്‍ പറഞ്ഞു.

Story first published: Friday, July 23, 2021, 19:23 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+