ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ഗെയിംസില്‍ തങ്ങളുടെ മൂന്നാമത്തെ മെഡലും ഇന്ത്യ സ്വന്തമാക്കി. ട്രാക്കിലാണ് ഇത്തവണ മെഡല്‍ ലഭിച്ചത്. പുരുഷന്മാരുടെ F52 വിഭാഗം ഡിസ്കസ് ത്രോയില്‍ വിനോദ് കുമാര്‍ രാജ്യത്തിനു വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കി. ഇന്നു ഇന്ത്യക്കു ലഭിച്ച മൂന്നാമത്തെ മെഡല്‍ കൂടിയാണിത്. ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നീസ്), നിഷാദ് കുമാര്‍ (ഹൈജംപ്) എന്നിവര്‍ വെള്ളി സമ്മാനിച്ചതിനു പിന്നാലെയാണ് വിനോദിന്റെ നേട്ടം.
ഡിസ്കസ് ത്രോയില്‍ F52 വിഭാഗം ഫൈനലില്‍ 19.91 മീറ്റര്‍ എറിഞ്ഞാണ് 42കാരനായ വിനോദ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. ഏഷ്യന്‍ റെക്കോര്‍ഡാണിത്. പോളണ്ടിന്റെ കോസെവിസ് പിയോറ്ററിനാണ് സ്വര്‍ണം. 20.021 മീറ്ററാണ് അദ്ദേഹമെറിഞ്ഞത്. ക്രൊയേഷ്യയുടെ സാന്‍ഡോര്‍ വെലിമിര്‍ 19.98 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കരസ്ഥമാക്കി.
ഫൈനലില്‍ ഒരു അത്ലറ്റിന് ആറു ത്രോകളാണുണ്ടായിരുന്നത്. ആദ്യത്തെ രണ്ടു ശ്രമങ്ങളില്‍ 17.86 മീറ്ററും 18.32 മീറ്ററുമായിരുന്നു വിനോദ് എറിഞ്ഞത്. മൂന്നാമത്തെ ശ്രമത്തില്‍ 17.80 മീറ്ററാണ് അദ്ദേഹത്തിനു പിന്നിടാനായത്. നാലാമത്തെ ത്രോയില്‍ 19.12 മീറ്ററാക്കി വിനോദ് ഇതു മെച്ചപ്പെടുത്തി. തുടര്‍ന്നായിരുന്നു മെഡലുറപ്പിച്ച ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയ അദ്ദേഹത്തിന്റെ ത്രോ. 19.91 മീറ്റര്‍ എറിഞ്ഞ അദ്ദേഹം ഒറ്റയടിക്ക് രണ്ടാംസ്ഥാനത്തേക്കു കയറി. രണ്ടു പേര് കൂടി എറിയാനിരിക്കെ വെള്ളി മെഡല്‍ പൊസിഷനിലായിരുന്നു വിനോദ്. പക്ഷെ അടുത്ത ത്രോ കഴിഞ്ഞതോടെ അദ്ദേഹത്തിനു മൂന്നാംസ്ഥാനത്തേക്കു ഇറങ്ങേണ്ടി വന്നു. 19.98 എറിഞ്ഞ് ക്രൊയേഷ്യന്‍ താരം സാന്‍ഡോര്‍ വെലിമിര്‍ രണ്ടാമതെത്തുകയായിരുന്നു. അവസാനമായി മല്‍സരിച്ച താരം വെല്ലുവിളിയുയര്ത്താതിരുന്നതോടെ മൂന്നാംസ്ഥാനവും വെങ്കല മെഡലും വിനോദിനെ തേടിയെത്തി.
വിനോദ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു. വിനോദ് കുമാറിന്റെ മികച്ച പ്രകടനത്തില്‍ ഇന്ത്യ മുഴുവന്‍ സന്തോഷിക്കുകയാണ്. വെങ്കല മെഡലിന് അദ്ദേഹത്തിനു അഭിനന്ദനങ്ങള്‍. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് അദ്ദേഹത്തിനു മികച്ച ഫലം നല്‍കിയത് എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
ഇന്ത്യന്‍ സ്പോര്‍ട്സിലെ വലിയ ദിനമാണിത്- വിനോദ് കുമാര്‍ വെങ്കല മെഡല്‍ നേടിയിരിക്കുന്നു. പുരുഷന്മാരുടെ F52 ഡിസ്കസ് ത്രോയില്‍ പുതിയ ഏഷ്യന്‍ റെക്കോര്ഡോടെയാണിത്. അഭിനന്ദനങ്ങള്‍. ഈ നേട്ടത്തില്‍ രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം ആഘോഷിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.