ലണ്ടന്‍: ആറ് മണിക്കൂറും 36 മിനിറ്റും നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നറിനെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. ആവേശകരമായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു എട്ടാം സീഡ് കൂടിയായ ആന്‍ഡേഴ്‌സന്റെ വിജയം. ഇതാദ്യമായാണ് ആന്‍ഡേഴ്‌സന്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

വിജയിയെ കണ്ടെത്താനുള്ള അഞ്ചാം സെറ്റ് പോരാട്ടമാണ് മാരത്തോണില്‍ കലാശിച്ചത്. ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ അഞ്ചാം സെറ്റ് അവസാനിക്കാന്‍ മാത്രം രണ്ട് മണിക്കൂറും 50 മിനിറ്റും വേണ്ടിവന്നു. ഒടുവില്‍ 26-24 എന്ന സ്‌കോറില്‍ ഇസ്‌നറിനെ ആന്‍ഡേഴ്‌സന്‍ മുട്ടുകുത്തിക്കുകയായിരുന്നു. സ്‌കോര്‍: 7-6 (8-6), 6-7 (5-7), 6-7 (9-11), 6-4, 26-24.
വിംബിള്‍ഡണ്‍ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ സമയം നീണ്ട പോരാട്ടമായിരുന്നു ഇത്. 2010ല്‍ ആന്‍ഡേഴ്‌സന്റെ ഇപ്പോഴത്തെ എതിരാളിയായിരുന്ന ജോണ്‍ ഇസ്‌നറും ഫ്രാന്‍സിന്റെ നികോളാസ് മാഹുട്ടും തമ്മില്‍ ആദ്യറൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയിയെ കണ്ടെത്താന്‍ എടുത്തത് 11 മണിക്കൂറും അഞ്ച് മിനിറ്റുമായിരുന്നു. മൂന്ന് ദിവസത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഇസ്‌നര്‍ വിജയക്കൊടി നാട്ടുകയായിരുന്നു. ടെന്നിസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സമയം നീണ്ട മല്‍സരം കൂടിയായിരുന്നു ഇത്. ടെന്നിസ് ചരിത്രത്തിലെ നാലാമത്തെ ഏറ്റവും കൂടുതല്‍ സമയം നീണ്ട പോരാട്ടം കൂടിയാണ് വിംബിള്‍ഡണ്‍ സെമിയില്‍ ആന്‍ഡേഴ്‌സനും ഇസ്‌നറും തമ്മിലുള്ള ഏറ്റുമുട്ടല്‍.
2013ലും 2015ലും നടന്ന ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ട് പോരാട്ടങ്ങളാണ് ഇസ്‌നര്‍-മാഹുട്ട് പോരാട്ടങ്ങള്‍ക്കു ശേഷം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. 7 മണിക്കൂറും രണ്ട് മിനിറ്റും, ആറ് മണിക്കൂറും 43 മിനിറ്റുമാണ് ഡേവിസ് കപ്പിലെ ഈ പോരാട്ടങ്ങള്‍ നീണ്ടുനിന്നത്.

നദാലിനെതിരേ ജോകോവിച്ച് ലീഡ് ചെയ്യുന്നു
വെള്ളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ടാം സെമിഫൈനലിലെ ക്ലാസിക്ക് പോരാട്ടം ഇന്നത്തേക്ക് (ശനി) മാറ്റിയപ്പോള്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെതിരേ സെര്‍ബിയയുടെ 12ാം സീഡായ നൊവാക് ജോകോവിച്ച് മുന്നില്‍.
മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ മൂന്ന് സെറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ജോകോവിച്ച് ലീഡ് ചെയ്യുന്നത്. സ്‌കോര്‍: 6-4, 3-6, 7-6 (11-9). നാലാം സെറ്റില്‍ വിജയിച്ചാല്‍ ജോകോവിച്ചിന് ഫൈനലില്‍ പ്രവേശിക്കാനാവും. എന്നാല്‍, നാലാം സെറ്റ് പിടിച്ചടക്കി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നദാല്‍.