Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: എന്തിന് ഇത്ര ശത്രുത? തളര്‍ത്താനാവില്ലെന്ന് ജോക്കോവിച്ച്! പിന്നില്‍ ഫെഡറര്‍ ഫാന്‍സ്

ലണ്ടന്‍: ഒരു കാലത്ത് പുരുഷ ടെന്നിസില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരുന്നത്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ തമ്മിലായിരുന്നു പ്രധാന പോരാട്ടം. ആന്‍ഡി മുറെയും നൊവാക് ജോക്കോവിച്ചും വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് രണ്ട് പ്രതിഭകളുമായിരുന്നു. എന്നാല്‍ 2015ന് ശേഷമുള്ള പുരുഷ ടെന്നിസിലേക്ക് നോക്കിയാല്‍ സെര്‍ബിയക്കാരനായ ജോക്കോവിച്ചിന്റെ സര്‍വാധിപത്യമാണ് കാണാനാവുക. റോജര്‍ ഫെഡറിന്റെയും നദാലിന്റെയും ഗ്രാന്റ്സ്ലാം റെക്കോഡുകളെല്ലാം ജോക്കോവിച്ച് തകര്‍ത്തു.

ഇത്തവണ വിംബിള്‍ഡണില്‍ ജോക്കോവിച്ചിറങ്ങിയതും ഫെഡററുടെ റെക്കോഡ് ലക്ഷ്യമിട്ടാണ്. എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങളുമായി നിലവില്‍ വിംബിള്‍ഡണിന്റെ രാജ സിംഹാസനം ഫെഡറര്‍ക്കാണ്. എന്നാല്‍ ഇത്തവണ വിജയിക്കാനായാല്‍ എട്ടാം വിംബിള്‍ഡണ്‍ കിരീടത്തോടെ ഫെഡറര്‍ക്കൊപ്പമെത്താന്‍ ജോക്കോവിച്ചിനാവും. ആദ്യ രണ്ട് റൗണ്ടുകളും ജയിച്ച് ജോക്കോവിച്ച് കിരീട പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ ജോക്കോവിച്ചിനെതിരേ തിരിയുന്ന ആരാധകരെയാണ് കാണാനായത്.

പെഡ്രോ കാച്ചിനെയും ജോര്‍ദാന്‍ തോംസണെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കാന്‍ ജോക്കോവിച്ചിനായി. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ തോംസണെതിരായ മത്സരത്തിനിടെ വലിയൊരു വിഭാഗം ആരാധകര്‍ ജോക്കോവിച്ചിനെ പിന്തുണക്കാതെ തോംസണെ പിന്തുണക്കുന്നതാണ് കാണാനായത്. ലോക രണ്ടാം നമ്പര്‍ താരവും കൂടുതല്‍ ഗ്രാന്റ് സ്ലാം കിരീടം നേടിയ താരമായിട്ടും ജോക്കോവിച്ചിനെക്കാള്‍ പിന്തുണ എതിരാളിക്ക് ലഭിക്കുന്നു.

ഫെഡററുടെ റെക്കോഡിനൊപ്പം ജോക്കോവിച്ച് എത്തരുതെന്ന് ആഗ്രഹിക്കുന്ന ആരാധകരാണ് ഇതിന് പിന്നിലെന്നാണ് ജോക്കോവിച്ച് ആരാധകര്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് സെര്‍ബിയന്‍ മാധ്യമങ്ങളോട് ജോക്കോവിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്. 'അവര്‍ എനിക്കെതിരേ ശബ്ദമുയര്‍ത്തുന്നതിലൂടെ സത്യത്തില്‍ എന്നെ സഹായിക്കുകയാണ് ചെയ്യുന്നത്. അവര്‍ എത്രത്തോളം എനിക്കെതിരേ മുദ്രാവാക്യം മുഴക്കുന്നുവോ അത്രത്തോളം ഞാന്‍ ശക്തനാവുന്നു.

roger federer

എന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ജേതാവിനെ വിളിച്ചുണര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. ഒരു താരമെന്ന നിലയില്‍ തനിക്ക് ആര്‍പ്പുവിളിക്കുന്ന വലിയൊരു ആരാധക കൂട്ടമുണ്ടാകണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത്തരമൊരു ആരാധക സമൂഹത്തിന് മുന്നില്‍ കളിക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ കരിയറിലെ മിക്ക മത്സരങ്ങളിലും എന്നെക്കാള്‍ പിന്തുണ എതിരാളികള്‍ക്കാണ് ലഭിച്ചത്. ചിലപ്പോള്‍ അത് വിധിയായിരിക്കും. പക്ഷെ ചിലപ്പോഴെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരും.

ആരാധകര്‍ എന്താണ് ഇങ്ങനെയെന്ന് ചിലപ്പോള്‍ ചിന്തിക്കും. എന്നാല്‍ പിന്തുണക്കാനും ആര്‍പ്പുവിളിക്കാനും മുദ്രാവാക്യം മുഴക്കാനും അവര്‍ക്ക് അവകാശമുണ്ട്'. ജോക്കോവിച്ച് പ്രതിഭാശാലിയാണെങ്കിലും ഫെഡറര്‍ക്കും നദാലിനുമുള്ളപോലെ വലിയൊരു ആരാധക പിന്തുണയില്ല. അഹങ്കാരിയെന്ന ദുഷ്‌പേര് ജോക്കോവിച്ചിനുണ്ട്. അതുകൊണ്ടുതന്നെ ആരാധകരുടെ കണ്ണിലെ കരടാണ് അദ്ദേഹം. എന്തായാലും വിമര്‍ശനങ്ങളെ പ്രചോദനമാക്കി എട്ടാം വിംബിള്‍ഡണ്‍ നേടാന്‍ ജോക്കോവിച്ചിനാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, July 7, 2023, 22:41 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+