വിംബിംള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിനു ജൂലൈ മൂന്നിനു ഇംഗ്ലണ്ടില്‍ തുടക്കമാവുകയാണ്. ടെന്നീസ് കോര്‍ട്ടില്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോകോവിച്ചിലായിരിക്കും. കാരണം മുന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററുടെ എട്ടു വിംബിള്‍ഡണ്‍ ട്രോഫികളെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് അദ്ദേഹം ഇത്തവണ ലക്ഷ്യമിടുന്നത്.
അടുത്തിടെ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട ജോകോവിച്ച് തന്റെ ഗ്രാന്റ്സ്ലാം സമ്പാദ്യം 23 ആക്കി ഉയര്‍ത്തിയിരുന്നു. ഫൈനലില്‍ കാസ്പര്‍ റൂഡിനെയായിരുന്നു അദ്ദേഹം കെട്ടുകെട്ടിച്ചത്. ഇതോടെ ഏറ്റവുമധികം ഗ്രാന്റ്സ്ലാം ട്രോഫികളെന്ന സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ റെക്കോര്‍ഡും ജോകോവിച്ച് തകര്‍ത്തിരുന്നു. ഗ്രാന്റ്സ്ലാം വിജയത്തോടെ കാര്‍ലോസ് അല്‍കാറസിനെ പിന്തള്ളി ലോക ഒന്നാം നമ്പര്‍ പദവി ജോകോവിച്ച് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

അതിനിടെ ആഷസ് ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയെ അനുകരിക്കരുതെന്നു ടെന്നീസ് താരങ്ങളോടു ആവശ്യപ്പെട്ടിരിക്കുകയാണ് വിംബിള്‍ഡണ്‍ സംഘാടകര്‍. ജസ്റ്റ് സ്‌റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാര്‍ മല്‍സരവേദിയായ സെന്റര്‍ കോര്‍ട്ടില്‍ ഓറഞ്ച് പെയിന്റ് സ്പ്രേ ചെയ്യാന്‍ മുതിര്‍ന്നാല്‍ ബെയര്‍സ്റ്റോയെപ്പോലെ പ്രതിഷേധക്കാരെ എടുത്തുയര്‍ത്തി പുറത്തേക്കു കൊണ്ടുപോവാന്‍ മുതിരരുതെന്നാണ് സംഘാടകരുടെ ആവശ്യം.
ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പ്രതിഷേധക്കാരന്‍ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറാന്‍ മുതിര്‍ന്നിരുന്നു. എന്നാല്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റോ ഉടന്‍ അവിടേക്കു കുതിച്ചെത്തി പ്രതിഷേധക്കാരനെ എടുത്തുയര്‍ത്തി ഗ്രൗണ്ടിനു പുറത്തേക്കു എടുത്തുകൊണ്ടു പോവുകയായിരുന്നു.
വിംബിള്‍ഡണില്‍ കാണികളുടെ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില നിബന്ധകള്‍ പുറത്തിറക്കിക്കഴിഞ്ഞു. ഇതനുസരിച്ച് മല്‍സരം കാണാനെത്തുന്നവര്‍ വേദികളിലേക്കു സ്പ്രേ പെയിന്റ്, വ്യക്തിപരമായ സുരക്ഷാ സ്‌പ്രേകള്‍, ഗ്ലൂ എന്നിവ കൊണ്ടു വരുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഇവ അട്ടിമറിക്കു ഉപയോഗിച്ചേക്കമെന്ന സംശയം കാരണമാണിത്.
ആഷസ് ടെസ്റ്റ് പരമ്പരയുടെ വേദിയിലേക്കു മാത്രമല്ല ദി ഗ്രാന്റ് നാഷനല്‍ ആന്റ് ലോക സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പുകളുടെ വേദികളിലേക്കും പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറി കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെ വിംബിള്‍ഡണും തങ്ങള്‍ നോട്ടമിടുന്നതായി ഒരു പ്രതിഷേധക്കാരനെ ഉദ്ദരിച്ച് ഒളി ക്യാമറയിലൂടെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.