വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ കളി കാര്യമാവും മുമ്പ് തന്നെ ഇന്ത്യക്കു മടക്ക ടിക്കറ്റ്. ഇത്തവണ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും റാക്കറ്റേന്തിയ ഒരേയൊരു താരമായ അങ്കിത റെയ്‌നയ്ക്കാണ് തുടക്കത്തില്‍ തന്നെ അടിതെറ്റിയത്. വനിതാ സിംഗിള്‍സ് ക്വാളിഫയറില്‍ തോറ്റ് 30 കാരിയായ താരം പുറത്താവുകയായിരുന്നു. ഇന്ത്യയുടെ നമ്പര്‍ വണ്‍ സിംഗിള്‍സ് താരം കൂടിയായ അങ്കിതയെ തകര്‍ത്തുവിട്ടത് സ്‌പെയിനിന്റെ ജെസ്സീക്ക ബൊസാസ് മനെയ്‌റോയാണ്.
ലോക റാങ്കിങില്‍ 197ാം സ്ഥാനത്തുള്ള അങ്കിതയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം കെട്ടുകെട്ടിച്ചത്. ആദ്യസെറ്റില്‍ ജയിച്ച ശേഷമായിരുന്നു അങ്കിത പരാജയത്തലേക്കു കൂപ്പുകുത്തിയത്. ആദ്യ സെറ്റില്‍ മിന്നുന്ന വിജയമായിരുന്നു ഇന്ത്യന്‍ താരം കൈക്കലാക്കിയത്. 6-3ന്റെ മികച്ച മാര്‍ജിനില്‍ ജയിച്ച അങ്കിത വിജയം സ്വപ്‌നം കണ്ടിരുന്നു.

പക്ഷെ രണ്ടാംസെറ്റില്‍ സ്പാനിഷ് താരം ശക്തമായി തിരിച്ചടിച്ചു. രണ്ടാം സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ഒടുവില്‍ ടൈബ്രേക്കറില്‍ 6-7 (5) എന്ന മാര്‍ജിനില്‍ ജെസീക്ക മല്‍സരം 1-1നു തുല്യമാക്കി. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും സെറ്റായപ്പോഴേക്കും അങ്കിതയുടെ കരുത്ത് മുഴുവന്‍ ചോര്‍ന്നു പോയിരുന്നു. ഒരേയൊരു ഗെയിം മാത്രമാണ് ഇന്ത്യന്‍ താരത്തിനു കൈക്കലാക്കായത്. 6-1ന്റെ ഏകപക്ഷീയ വിജയത്തോടെ ജെസ്സീക്ക സെറ്റും മല്‍സരവും വരുതിയിലാക്കി.
രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ അങ്കിത 5-4നു ലീഡ് ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം ഇന്ത്യന്‍ താരത്തിനു കളിയിലെ താളം നഷ്ടമാവുകയായിരുന്നു. അങ്കിതയുടെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ സ്പാനിഷ് താരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ഒടുവില്‍ സ്‌കോര്‍ 6-6നു തുല്യമാക്കിയ ജെസ്സീക്ക ടൈബ്രേക്കറിലും ഇന്ത്യന്‍ താരത്തിനു തിരിച്ചുവരാനുള്ള പഴുതുകളൊന്നും നല്‍കിയില്ല.
ഒടുവില്‍ അവസാന സെറ്റില്‍ ഒരേയൊരു പോയിന്റ് മാത്രം അങ്കിതയ്ക്കു വിട്ടു തന്ന സ്പാനിഷ് താരം അനായാസം വിജയം കൊയ്യുകയായിരുന്നു. മല്‍സരം രണ്ടു മണിക്കൂറും 26 മിനിറ്റുമാണ് നീണ്ടുനിന്നത്.

അങ്കിതയ്ക്കു കരിയറില്‍ ഒരിക്കല്‍ മാത്രമേ വിംബിള്‍ഡണിന്റെ പ്രധാന ഡ്രോയിലേക്കു യോഗ്യത നേടാന്‍ സാധിച്ചിട്ടുള്ളൂ. 2021ല്‍ വനിതാ ഡബിള്‍സില്‍ അമേരിക്കയുടെ ലോറെന്‍ ഡേവിസിനൊപ്പം താരം മല്‍സരിച്ചിരുന്നു. പക്ഷെ ആദ്യറൗണ്ടില്‍തന്നെ തോറ്റു പുറത്താവുകയായിരുന്നു.
ഇതേ വര്‍ഷം തന്നെ മിക്‌സഡ് ഡബിള്‍സിന്റെ പ്രധാന ഡ്രോയിലേക്കും അങ്കിത യോഗ്യത നേടിയിരുന്നു. ഇന്ത്യയുടെ രാംകുമാര്‍ രാമനാഥനായിരുന്നു മിക്‌സഡ് ഡബിള്‍സ് പങ്കാളി. പക്ഷെ ഇന്ത്യയുടെ തന്നെ സാനിയാ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യത്തോട് ആദ്യ റൗണ്ടില്‍ തന്നെ അങ്കിത- രാംകുമാര്‍ ജോടി തോല്‍ക്കുകയായിരുന്നു.
ഇത്തവണ പുരുഷ സിംഗിള്‍സ് ക്വാളിഫയറില്‍ ഇന്ത്യയുടെ ആരുംതന്നെ മല്‍സരിച്ചിട്ടില്ല. കൂടാതെ പുരുഷ സിംഗിള്‍സ് മെയിന്‍ ഡ്രോയിലും ഇന്ത്യയില്‍ നിന്നും ആരും ഉള്‍പ്പെട്ടിട്ടില്ല. പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിവയുടെ ഡ്രോ ഇനിയും പുറത്തുവന്നിട്ടില്ല. രോഹന്‍ ബൊപ്പണ്ണ, യുകി ഭാംബ്രി, സാകേത് മൈനേനി, ജീവന്‍ നെടുംചെഴിയാന്‍, എന്‍ ശ്രീറാം ബാലാജി എന്നിവര്‍ ഡബിള്‍സില്‍ ഇന്ത്യക്കായി മല്‍സരിച്ചേക്കുമെന്നാണ് സൂചനകള്‍.