ലോകത്തിലെ ഏറ്റവും ധനികയായ കായിക താരങ്ങളിലൊരാളായ അമേരിക്കന്‍ വനിതാ താരം ജെസ്സീക്ക പെഗ്യുലയുടെ വിംബിള്‍ഡണിലെ യാത്ര ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. കിരീടമോഹവുമായെത്തിയ ലോക നാലാം നമ്പര്‍ താരം കൂടിയായ ജെസ്സീക്ക ലക്ഷ്യത്തിന് വെറും രണ്ടു ജയം മാത്രം അകെ വീഴുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ചെക് റിപബ്ലിക്ക് താരം മാര്‍ക്കെറ്റ വൊന്‍ഡ്രോസോവയാണ് ഒന്നിനെതിര രണ്ടു സെറ്റുകള്‍ക്കു ജെസ്സീക്കയെ കീഴടക്കിയത്. സ്‌കോര്‍ 6-4, 2-6, 6-4. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും സെറ്റില്‍ ഒരു ഘട്ടത്തില്‍ 4-1ന് ലീഡ് ചെയ്യുകയായിരുന്നു ജെസ്സീക്ക. എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം അമേരിക്കന്‍ താരം സെറ്റും ഗെയിമും കളഞ്ഞുകുളിക്കുകയായിരുന്നു.

അമേരിക്കയിലെ കോടീശ്വരന്‍മാരായ ദമ്പതികളായ ടെറി- കിം പെഗ്യുല എന്നിവരുടെ മകളാണ് ജെസ്സീക്ക. അമേരിക്കയിലെ എന്‍എഫ്എല്ലിലും (നാഷനല്‍ ഫുട്‌ബോള്‍ ലീഗ്), എന്‍എച്ച്എല്ലിലും (നാഷനല്‍ ഹോക്കി ലീഗ്) സ്വന്തമായി ഇവര്‍ക്കു ടീമുകളുണ്ട്. ബുഫാലോ ബില്‍സ്, ബുഫാലോ സാബ്രെസ് എന്നിവയാണിത്.
ഒരുപാട് സമ്പത്തുണ്ടായിട്ടും ടെന്നീസിനോടുള്ള പാഷന്‍ കൊണ്ടു മാത്രമാണ് ജെസ്സീക്ക ഈ രംഗത്തേക്കു വന്നത്. കഠിനാധ്വാനത്തിലൂടെ മികച്ച പല നേട്ടങ്ങളും കരിയറില്‍ ഇതിനകം കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു. സാമ്പത്തിക കാരണങ്ങളാല്‍ നിലവില്‍ 29 കാരിയായ ജെസ്സീക്കയ്ക്കു ടെന്നീസ് കളിക്കേണ്ട യാതൊരു ആവശ്യവുമില്ല.
ടെന്നീസില്‍ നിന്നും താരം ഇതുവരെ സമ്പാദിച്ചത് ഏകദേശം ഏഴു മില്ല്യണിനു മുകളില്‍ മാത്രമാണ്. എന്നാല്‍ അച്ഛന്റെയും അമ്മയുടെയും ആസ്തിയുമായി താരതമ്യം ചെയ്താല്‍ ഇതു വളരെ തുച്ഛമാണ്. അഞ്ചു ബില്ല്യണിനു മുകളിലാണ് ജെസ്സീക്കയുടെ കുടുംബത്തിന്റെ ആസ്തി. പ്രകൃതിവാതകം, റിയല്‍ എസ്‌റ്റേറ്റ് എന്നിവയില്‍ നിന്നാണ് ഇത്രയുമധികം സമ്പാദ്യം അവര്‍ നേടിയെടുത്തത്.
മാതാപിതാക്കളുടെ ആസ്തിയുടെ ഗണ്യമായൊരു ഭാഗം വൈകാതെ ജെസ്സീക്കയ്ക്കു കുടുംബ സ്വത്തായി ലഭിക്കുമെന്നതിനാല്‍ കുടുംബത്തിന് പണം ഒരു പ്രശ്‌നമല്ല. എങ്കിലും വിംബിള്‍ഡണ്‍ കിരീടമോഹവുമായ തന്നെയാണ് ജെസ്സീക്ക ഇംഗ്ലണ്ടിലെത്തിയത്.

ടൂര്‍ണമെന്റിനു മുമ്പ് താരം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇത്തവണ വിംബിള്‍ഡണില്‍ വിജയിക്കാനായാല്‍ അതു വലിയ കാര്യം തന്നെയായിരിക്കും. കാരണം എനിക്കു അതു സാധിക്കുകയാണെങ്കില്‍ ഒരുപാട് പണം ലഭിക്കുമെന്നായിരുന്നു ജെസ്സീക്കയുടെ വാക്കുകള്‍.
2011ല്‍ യുഎസ് ഓപ്പണില്‍ അരങ്ങേറിയതു മുതല്‍ ജെസ്സീക്ക ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ മല്‍സരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെയാണ് സിംഗിള്‍സ്, ഡബിള്‍സ് മല്‍സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതോടെ ജെസ്സീക്ക റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തിയത്.
2020ലെ ഫ്രഞ്ച് ഓപ്പണിന്റെ ഡബിള്‍സ് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് താരത്തിന്റെ ആദ്യത്തെ ശ്രദ്ധേയമായ നേട്ടം. കഴിഞ്ഞ എട്ടു ഗ്രാന്റ്സ്ലാമുകളില്‍ ആറിലും താരം സിംഗിള്‍സ് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്തു. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സെമി ഫൈനലിലെത്താനും ജെസ്സീക്കയ്ക്കു സാധിച്ചിരുന്നു.