ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ വിജയ കിരീടം ചൂടി യുവ സ്പാനിഷ് സൂപ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസ്. ലോക റാങ്കിങിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ അങ്കത്തില്‍ ഇറ്റാലിയന്‍ സെന്‍സേഷന്‍ യാനിക് സിന്നറെ വീഴ്ത്തിയാണ് അല്‍ക്കരാസ് പുതിയ കിങായി മാറിയത്. രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ട ത്രില്ലറില്‍ 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം.
ഇതോടെ ലോക റാങ്കിങില്‍ സിന്നറുടെ 65 ആഴ്ചയോളം നീണ്ട 'ഭരണം' അവസാനിപ്പിച്ച് അല്‍ക്കരാസ് പുതിയ നമ്പര്‍ വണ്‍ താരമായി മാറുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ത്തെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് പരിക്കേറ്റ് പിന്‍മാറിയതു മുതല്‍ സിന്നറായിരുന്നു നമ്പര്‍ വണ്‍ സ്ഥാനത്തുണ്ടായിരുന്നത്. ഒടുവില്‍ 65 ആഴ്കള്‍ക്കു ശേഷം ഇറ്റാലിയന്‍ താരത്തെ താഴേക്കു ഇറക്കി അല്‍ക്കരാസ് പുതിയ കിങായി മാറിയിരിക്കുകയാണ്.

2023ലെ യുഎസ് ഓപ്പണ്‍ ഫൈനലിനു ശേഷം അല്‍ക്കരാസ് കളിച്ച കലാശപ്പോര് കൂടിയായിരുന്നു ഇത്തവണത്തേത്. കളിയുടെ തുടക്കം മുതല്‍ സിന്നര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തിയ അദ്ദേഹം രണ്ടാം സെറ്റില്‍ മാത്രമാണ് അല്‍പ്പമൊന്നു പതറിയത്. ആദ്യ സെറ്റ് 6-2നു നേടിയ ശേഷം രണ്ടാം സെറ്റ് 3-6നു അല്‍ക്കാരസിനു കൈവിടേണ്ടി വന്നു.
എന്നാല്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചടിച്ച അദ്ദേഹം മൂന്നാം സെറ്റില്‍ സിന്നറെ നിലം തൊടീച്ചില്ല. ഒരു പോയിന്റ് മാത്രം വിട്ടുകൊടുത്ത് 6-1നു അല്‍ക്കാരസ് സെറ്റ് റാഞ്ചുകയിരുന്നു. നിര്‍ണായകമായ നാലാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കണ്ടു. ഗെയിമിലേക്കു തിരിച്ചുവരാനും കളി അഞ്ചാം സെറ്റിലേക്കു നീട്ടാനും സിന്നര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 6-4ന്റെ വിജയവുമായി സെറ്റും ട്രോഫിയും അല്‍ക്കാരസ് തന്റെ പേരിലാക്കി.
യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തില്‍ കുടുംബത്തിനോടും സ്വന്തം ടീമിനോടുമാണ് അല്‍ക്കാരസ് നന്ദി പറഞ്ഞത്. എന്റെ ടീമിനും കുടുംബത്തിനും, നിങ്ങളെ ലഭിച്ചത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഇതു വലിയ ബഹുമതിയാണ്.
ഒരു താരമെന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും എന്നെ മെ്ച്ചപ്പെടുത്താന്‍ നിങ്ങളുടെ കഠിനാധ്വാനം സഹായിച്ചിട്ടുണ്ട്. എനിക്കു ചുറ്റുമുള്ള ആളുകളെക്കുറിച്ച് വളരെയധികം അഭിമാനം തോന്നുകയാണ്. ഞാന്‍ കൈവരിച്ച നേട്ടങ്ങള്‍ക്കെല്ലാം കാരണം നിങ്ങളാണ്. ഈ വിജയം നിങ്ങള്‍ക്കു കൂടിയുള്ളതാണന്നും ഫൈനലിനു ശേഷം അല്‍ക്കരാസ് വ്യക്തമാക്കി.