ലണ്ടന്‍: ജര്‍മന്‍ താരം സബെയ്ന്‍ ലിസിക്കിയെ 6-1, 6-4 എന്ന സ്‌കോറില്‍ തകര്‍ത്ത് ഫ്രഞ്ച് താരം മരിയന്‍ ബര്‍ട്ടോണി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. വിംബിള്‍ഡണിന്റെ വനിതാ വിഭാഗം എഡിഷനില്‍ ആദ്യ പത്ത് സീഡിലുള്ള ആര്‍ക്കും തന്നെ ഫൈനല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കലാശപ്പോരാട്ടത്തിനെത്തിയ ബര്‍ട്ടോളി 15ാം സീഡും ലിസിക്കി 23ാം സീഡുമാണ്.
ആദ്യ റൗണ്ടില്‍ ഇറ്റാലിയന്‍ താരം ഫ്രാന്‍സെസ്‌കാ ഷിവാനോയാണ് ലിസിക്കിക്ക് എതിരാളിയായെത്തിയത്. രണ്ടാം റൗണ്ടില്‍ എലേന വെസ്‌നിനയെയും മൂന്നാം റൗണ്ടില്‍ സാമന്താ സ്‌ടോസറെയും തറപറ്റിച്ചു.

നാലാം റൗണ്ടില്‍ ടോപ് സീഡ് സെറീന വില്യംസിനെയും ക്വാര്‍ട്ടറില്‍ കെയ് കെനപിയെയും തോല്‍പ്പിച്ച ലിസിക്കിയുടെ സെമിഫൈനല്‍ എതിരാളി അഗ്നിസകാ റാഡ്‌വാന്‍സ്‌കയായിരുന്നു.
ഉക്രെയ്‌നിന്റെ എലിന് സ്വിതോലിനയുമായിട്ടായിരുന്നു ബര്‍ട്ടോളിയുടെ ആദ്യ കളി. തുടര്‍ന്ന് ക്രിസ്റ്റീന മാക്ഹാല്‍, കാമിലാ ജോര്‍ജി, കാരിന്‍ ക്‌നാപ്, സ്ലോണ്‍ സ്റ്റീഫന്‍സ്, ക്രിസ്റ്റിന്‍ ഫഌപ്‌കെന്‍സ് എന്നിവരെ വീഴ്ത്തി. ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി.
പുരുഷവിഭാഗം ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കും. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക് ജോകോവിക്കും രണ്ടാം സീഡ് ഇംഗ്ലണ്ടിന്റെ ആന്‍ഡി മുറെയും തമ്മിലാണ് മത്സരം.