മോണ്ട്രിയെല്‍: അഞ്ചാഴ്ചത്തെ വിശ്രമത്തിനുശേഷം അന്താരാഷ്ട്ര ടെന്നിസില്‍ സജീവമായ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ മോണ്ട്രിയല്‍ മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ക്രോയേഷ്യയില്‍ നിന്നുള്ള അണ്‍സീഡഡ് താരം ഇവാന്‍ ഡോഡിഗാണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍: 1-6, 7-6, 7-6.
2008നുശേഷം ആദ്യമായാണ് ഒരൂ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ നദാല്‍ പുറത്താവുന്നത്. ഈ തോല്‍വി യു.എസ് ഓപണിനൊരുങ്ങുന്ന സ്‌പെയിന്‍ താരത്തിനു കനത്ത തിരിച്ചടിയാണ്.
മോശം കളിയൊന്നുമല്ല കളിച്ചത്. പക്ഷേ, ചില നിര്‍ണായക നിമിഷങ്ങളില്‍ താളം നഷ്ടപ്പെട്ടു. ഒരു പക്ഷേ, നിര്‍ഭാഗ്യം കൊണ്ടായിരിക്കാം-മല്‍സരശേഷം നദാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോകഒന്നാം നമ്പര്‍ താരം നൊവാക് ജൊകോവിക്കിനും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. റഷ്യയില്‍ നിന്നുള്ള നിക്കോളെ ഡെവിഡെങ്കോയ്‌ക്കെതിരേ 7-5, 6-1 എന്ന സ്‌കോറില്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അതേ സമയം 30ാം പിറന്നാള്‍ ആഘോഷിക്കുന്ന റോജര്‍ ഫെഡറര്‍ കനഡയില്‍ നിന്നുള്ള വാസെക് പോസ്പിസിലിനെതിരേ 7-5, 6-3 ന്റെ ആധികാരിക വിജയം നേടി.