ടൊറന്റോ: അമേരിക്കയുടെ സെറീന വില്യംസ് ടൊറന്റോ കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ചെക്കിന്റെ ലൂസി സഫറോവയെ 4-6, 6-3, 6-2 എന്ന സ്‌കോറിനു മറികടന്നാണ് മുന്‍ ലോകഒന്നാം നമ്പര്‍ താരത്തിന്റെ കുതിപ്പ്.
ആദ്യ സെറ്റില്‍ എനിക്കു വിജയിക്കാന്‍ സാധിച്ചില്ല. പലപ്പോഴും താളം നഷ്ടപ്പെട്ടു. തുടര്‍ച്ചയായ ഡബിള്‍ ഫാള്‍ട്ടുകളില്ലായിരുന്നുവെങ്കില്‍ ഇതിലും മികച്ച സ്‌കോറാവുമായിരുന്നു-മല്‍സരശേഷം സെറീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം അന്താരാഷ്ട്രമല്‍സരങ്ങളില്‍ നിന്നു വിട്ടുനിന്നതിനാല്‍ സെറീന അണ്‍സീഡഡ് താരമായാണ് ഇവിടെ പോരാട്ടത്തിനിറങ്ങിയത്. കാലിലെ ശസ്ത്രക്രിയയും ഗുരുതരമായ അസുഖങ്ങളും സെറീനയുടെ ഇച്ഛാശക്തിയെ തളര്‍ത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സ്റ്റാന്‍ഫോര്‍ഡിലെ പ്രകടനം. സെമിയില്‍ വിക്ടോറിയ അസരെങ്കോയാണ് സെറീനയുടെ എതിരാളി.