ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറര്‍ ഫൈനലില്‍ ടോമി റൊബ്രഡോയെയാണ് നദാല്‍ തോല്‍പിച്ചത്. നാലാം റൗണ്ടില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ച റൊബ്രഡോക്ക് നദാലിന്റെ പോരാട്ടവീര്യത്തിന് തടയിടാനായില്ല.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. ഒരു ഘട്ടത്തിലും റൊബ്രഡോ വെല്ലുവിളികള്‍ ഒന്നും ഉയര്‍ത്തിയില്ല. സ്‌കോര്‍: 6-0, 6-2, 6-2.
മറ്റൊരു ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരം ഡേവിഡ് ഫെറരെ അട്ടിമറിച്ച് എട്ടാം നമ്പര്‍ താരമായ റിച്ചാര്‍ഡ് ഗാസ്‌ക്വറ്റ് സെമിയില്‍ എത്തിയിട്ടുണ്ട്. സെമിയില്‍ നദാലിന്റെ എതിരാളി ഗാസ്‌ക്വറ്റ് ആയിരിക്കും.

വനിത സിംഗിള്‍സിലെ ആദ്യ സെമി ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസും ചൈനയുടെ നാ ലീയും തമ്മിലാണ്. സ്‌പെയിന്റെ കാര്‍ല സുവരസ്‌നോവയെ തോല്‍പിച്ചാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ സെറീന സെമി ബര്‍ത്ത് നേടിയത്. റഷ്യയുടെ എകാതറീന മഖരോവയെ കീഴടക്കിയാണ് നാ ലീ സെമിയില്‍ എത്തിയത്.
ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടവും കഴിഞ്ഞ ദിവസം യുഎസ് ഓപ്പണില്‍ ഉണ്ടായി. ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസ്- സ്റ്റെഫാനക് സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്. അമേരിക്കയുടെ ബോബ് ബ്രയാന്‍-മൈക്ക് ബ്രയാന്‍ സഖ്യമാണ് സെമിയില്‍ ഇവരുടെ എതിരാളികള്‍.
പുരുഷ സിംഗിള്‍സില്‍ ലോക താരങ്ങളായ നൊവാക് ദ്യോകോവികും ആന്‍ഡി മുറേയും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്.