ലണ്ടന്‍: ചരിത്രത്തില്‍ ഇടം നേടിയ സെമി ഫൈനലില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ കീഴടക്കി നൊവാക് ജോകോവിക് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലെത്തി. ജെര്‍സി ജാനോവികിനെ കീഴടക്കി ആന്‍ഡി മറേയും ഫൈനല്‍ ബെര്‍ത്ത് നേടി.

വിംബിള്‍ഡണ്‍ സെമിഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരുന്നു ജോകോവിക്, ഡെല്‍പോട്രോ പോരാട്ടം. നാല് മണിക്കൂര്‍ 44 മിനിട്ട് . 1989 ല്‍ ബോറിസ് ബെക്കറും ഐവാന്‍ ലെന്‍ഡലും തമ്മില്‍ നടന്ന നാല് മണിക്കൂര്‍ നീണ്ട പോരാട്ടമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ജോകോവിക് പിന്നീടുള്ള മൂന്ന് സെറ്റുകള്‍ തിരിച്ചുപിടിച്ചു. ആവേശം അലതല്ലിയ മത്സരത്തില്‍ 7-5, 4-6, 7-6(7-2). 6-7(6-8), 6-3 എന്ന സ്‌കോറിനാണ് ജോകോവിക് ഡെല്‍പോട്രോയെ തോല്‍പിച്ചത്.
പോളണ്ടിന്റെ ജെര്‍സി ജാനോവികിനെ രണ്ട് മണിക്കൂര്‍ 52 മിനിട്ട് നീണ്ട പോരാട്ടത്തിലാണ് ആന്‍ഡി മറേ തറപറ്റിച്ചത്. കളിയുടെ എല്ലാ മേഖലകളിലും മികച്ചുനിന്ന ആന്‍ഡി മറേ അര്‍ഹിക്കുന്ന വിജയം തന്നെയായിരുന്നു നേടിയത്. സ്‌കോര്‍: 6-7(2-7), 6-4, 6-4, 6-3. സ്വന്തം നാട്ടില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ആന്‍ഡി മറേ പ്രതീക്ഷിക്കുന്നില്ല.
വനിതകളുടെ സിംഗിള്‍സ് ഫൈനല്‍ ജൂലായ് 6 ന് നടക്കും. ജര്‍മനിയുടെ സബെയ്ന്‍ ലിസിക്കിയും ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ട്ടോളിയും തമ്മിലാണ് മത്സരം. പുരുഷ വിഭാഗത്തില്‍ ആദ്യ രണ്ട് സീഡുകാര്‍ ഫൈനലില്‍ മാറ്റുരക്കുമ്പോള്‍ വനിതകളുടെ കാര്യത്തില്‍ അങ്ങനെയല്ല. ആദ്യ 10 സീഡില്‍ പെടാത്ത താരങ്ങളാണ് കപ്പിന് വേണ്ടി മത്സരിക്കുന്നത്. ബര്‍ട്ടോളി 15-ാം സീഡും ലിസിക്കി 23-ാം സീഡുമാണ്.