ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം ഒന്നാം സീഡ് നോവാക് ജോകോവിക് സെമിയിലെത്തി. ഇത് തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് ജോകോവിക് ഗ്രാന്‍സ്ലാം സെമിയില്‍ എത്തുന്നത്.

ഏഴാം സീഡ് ചെക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിക്കിനെയാണ് ജോകോവിക് തോല്‍പിച്ചത്. സ്‌കോര്‍ 7-6,(7-5), 6-4, 6-3. എട്ടാം സീഡുകാരനായ അര്‍ജന്റീനയുടെ ഡെല്‍പോട്രോയാണ് സെമിയില്‍ ജോകോവികിന്റെ എതിരാളി. നാലാം സീഡുകാരനായ ഡേവിഡ് ഫെററെ അട്ടിമറിച്ചാണ് ഡെല്‍പോട്രോ സെമിഫൈനല്‍ ബെര്‍ത്ത് നേടിയത്.
ആതിഥേയതാരമായ ആന്‍ഡി മറേയും സെമി ബെര്‍ത്ത് നേടിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയുമായി തീപാറും പോരാട്ടമായിരുന്നു. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട മറേ പിന്നീട് വന്‍ തിരിച്ചുവരവാണ് നടത്തിയത്. സ്‌കോര്‍: 4-6, 3-6, 6-1, 6-4, 7-5. പോളണ്ടിന്റെ ജെര്‍സി ജോനോവിക്‌സ് ആണ് സെമിയില്‍ മറേയുടെ എതിരാളി.
മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയുടേയും രോഹന്‍ ബോപ്പണ്ണയുടേയും സഖ്യങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തി.
റുമാനിയയുടെ ഹൊറിയ തെകാവുവാണ് മിക്‌സഡ് ഡബിള്‍സില്‍ സാനിയയുടെ പങ്കാളി. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ സാനിയ-തെകാവു സഖ്യം എറിക് ബൂട്ടറാക്-എയ്‌സേ കോര്‍നറ്റ് സഖ്യത്തെയാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സ്‌കോര്‍:6-1, 7-5
ബൊപ്പണ്ണയും ചൈനീസ് താരം സെങ്ജിയും ചേര്‍ന്ന് ജോണ്‍ ബ്രൂണ്‍സ്‌റ്റോം- കലാലിന്‍ മറോസി സഖ്യത്തെ തോല്‍പിച്ചാണ് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. സ്‌കോര്‍: 7-6, 3-6, 6-1.
പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍ എത്തിയിട്ടുണ്ട്.