ലോസ് ഏഞ്ചലസ്:ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന വനിതാ കായിക താരം അമേരിക്കന്‍ ടെന്നിസ് താരം സെറീന വില്യംസ്. 28.9 മില്യണ്‍ ഡോളറാണ് സെറീനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ സമ്പാദ്യം. റഷ്യയുടെ മരിയ ഷറപ്പോവയെ കടത്തിവെട്ടിയാണ് സെറീന ഒന്നാം സ്ഥാനത്തെത്തിയത്. 21.9 മില്യണ്‍ ഡോളര്‍ സമ്പാദ്യമാണ് മരിയ ഷറപ്പോവയ്ക്കുണ്ടായിരുന്നത്.
അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്ട്‌സ് താരം റോന്‍ഡ റൂസി (14 മില്യണ്‍), മൂന്നാം സ്ഥാനത്തും കാര്‍ റേസിങ് താരവും മോഡലുമായ ഡാനിക പാട്രിക് (13.9 മില്യണ്‍) നാലാം സ്ഥാനത്തുമുണ്ട്. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ എട്ടിലും ടെന്നിസ് താരങ്ങളാണ്.

കഴിഞ്ഞ 11 വര്‍ഷമായി ഷറപ്പോവയായിരുന്നു ലോകത്ത് ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന കായികതാരം . ഉത്തേജകമരുന്ന് ഉപയോഗിച്ചുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഷറപ്പോവയ്ക്ക് നിരവധി സ്‌പോണ്‍സര്‍മാരെ നഷ്ടപ്പെട്ടിരുന്നു.അത് വരുമാനം കുറയുന്നതിനിടയാക്കിയിരുന്നു.
സെറീനയെ അട്ടിമറിച്ച് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസെ 7.6 മില്യണ്‍ ഡോളറുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആഗ്‌നിസ്‌ക റഡ്വാന്‍സ്‌ക, കരോളിന്‍ വോസ്‌നിയാകി, അന ഇവാനോവിച്, വിക്ടോറിയ അസറങ്കെ, യൂജിന്‍ ബൗച്ചാര്‍ഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റ് ടെന്നീസ് താരങ്ങള്‍.