സ്റ്റുഗാര്‍ട്ട്: മാര്‍ച്ചില്‍ ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ചെറുപ്പക്കാരന്‍ തനാസി കോക്കിനാകിസിനോട് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ താല്‍ക്കാലികമായി ഇടവേള എടുക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം സ്റ്റുഗാര്‍ട്ടില്‍ ഫെഡറര്‍ വന്നിറങ്ങുന്നത് എടിപി റാങ്കിംഗില്‍ ഒന്നാം സ്ഥാനവും വിംബിള്‍ഡണ്‍ കിരീടവും ലക്ഷ്യമിട്ടാണ്, ഒപ്പം മൂന്നാം തവണയും തോറ്റെന്ന ചീത്തപ്പേര് ഒഴിവാക്കുകയും ഒരു ഉദ്ദേശമാണ്.

ഫ്രഞ്ച് ഓപ്പണ്‍ ഉള്‍പ്പെടെയുള്ള കളിമണ്‍ കോര്‍ട്ടുകളില്‍ നിന്നും വിട്ടുനിന്നുകൊണ്ടാണ് 36-കാരനായ സ്വിസ് താരം പച്ചപ്പ് നിറഞ്ഞ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. ജര്‍മ്മന്‍ നഗരത്തിലെ കോര്‍ട്ടുകളില്‍ പരിശീലനത്തിലായിരുന്നു ഫെഡറര്‍. സ്റ്റുഗാര്‍ട്ടില്‍ ജര്‍മ്മന്‍ താരം മിഷ സ്വെരേവിന് എതിരെയാണ് ആദ്യത്തെ മത്സരം. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തുന്നതിനാല്‍ വിജയം ഇദ്ദേഹത്തിന് അനിവാര്യവുമാണ്.
കഴിഞ്ഞ വര്‍ഷം സ്റ്റുഗാര്‍ട്ടിലെ ആദ്യ മത്സരത്തില്‍ അടുത്ത സുഹൃത്തായ ടോമി ഹാസിനോട് 20 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ഫെഡറര്‍ പരാജയപ്പെട്ടിരുന്നു. 'കഴിഞ്ഞ തവണ ആദ്യ റൗണ്ടിലെ തോല്‍വി എന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാക്കി. ഒരു മത്സരം മാത്രമാണ് മുന്നിലുള്ളത്. അതില്‍ കൂടുതല്‍ ചിന്തയില്ല. പുല്‍മൈതാനങ്ങളില്‍ വിജയത്തിന്റെ മാര്‍ജ്ജിനും ചെറുതാണ്. മൂന്ന് മാസമായി കളിക്കാത്തത് കൊണ്ട് കാര്യങ്ങള്‍ നിസ്സാരവുമല്ല', ഫെഡറര്‍ മനസ്സ് തുറക്കുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനല്‍ വരെ എത്താന്‍ കഴിഞ്ഞാല്‍ റാങ്കിംഗില്‍ റാഫേല്‍ നദാലിനെ മറികടക്കാന്‍ ഫെഡറര്‍ക്ക് അവസരമുണ്ട്. വിംബിള്‍ഡണില്‍ കഴിഞ്ഞ രണ്ട് സീസണിലും തോറ്റ ചരിത്രമുള്ളതിനാല്‍ ഇത് മൂന്നിലേക്ക് എത്തിക്കാന്‍ ഫെഡറര്‍ക്ക് യാതൊരു താല്‍പര്യവുമില്ല.