ലണ്ടന്‍: ലോക ടെന്നിസില്‍ ഒരിക്കല്‍ക്കൂടി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. വിംബിള്‍ഡണ്‍ സെമിഫൈനലിലാണ് മുന്‍ ചാമ്പ്യന്‍മാരും മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളുമായ ഇരുവരും ഏറ്റുമുട്ടുന്നത്. രണ്ടാം സെമിയില്‍ ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോകോവിച്ച് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനെ നേരിടും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കെയ് നിഷികോരിയെയാണ് ഫെഡറര്‍ മറികടന്നത്. സ്‌കോര്‍: 4-6, 6-1, 6-4, 6-4. സാം ക്യുറെയെയാണ് നദാല്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-2, 6-2.

2008-ലെ ഫൈനലിനുശേഷം ആദ്യമായാണ് വിംബിള്‍ഡണില്‍ ഫെഡററും നദാലും ഏറ്റുമുട്ടുന്നത്. ലോക ടെന്നിസിലെ ഏക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായ അഞ്ച് സെറ്റ് നീണ്ട ഫൈനലില്‍ നിലവിലെ ചാമ്പ്യനായിരുന്ന ഫെഡററെ കീഴടക്കി നദാലാണ് കിരീടം ചൂടിയത്. 20087-ലെ സെമിഫൈനലില്‍ നദാലിനെ ഫെഡറര്‍ തോല്‍പ്പിച്ചിരുന്നു. എ്ന്നാല്‍ 2008-ല്‍ ഫെഡററുടെ അഞ്ചുവര്‍ഷത്തെ ആധിപത്യചത്തിനാണ് നദാല്‍ അന്ത്യംകുറിച്ചത്. പിന്നീട് 2010-ലും നദാല്‍ ചാമ്പ്യനായി. ഫെഡറര്‍ ഒമ്പത് തവണയാണ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലിലും നദാലും ഫെഡററും ഏറ്റുമുട്ടിയിരുന്നു. അന്നും ജയം നദാലിനായിരുന്നു.
22-ാം റാങ്കുകാരനായ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചാണ് അഞ്ച് തവണ ചാമ്പ്യനായ ജോകോവിച്ച് സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-4, 6-0, 6-2. ഗ്വിഡോ പെല്ലയെ മറികടന്നാണ് റോബര്‍ട്ടോ ബാറ്റിസ്റ്റ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍: 7-5, 6-4, 3-6, 6-3.
നാളെയാണ് പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍. വനിതാ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ഏഴാം റാങ്കുകാരിയ സിമോണ ഹാലെപ് എലിന സ്വിറ്റോലിനയെ നേരിടും. രണ്ടാം സെമിയില്‍ ഏഴുതവണ ചാമ്പ്യനായ സെറീന വില്യംസ് കരിയറിലെ ആദ്യം ഗ്രാന്‍സ്ലാം സെമിഫൈനല്‍ കളിക്കുന്ന ബാര്‍ബറ സ്ട്രികോവയെ നേരിടും.