
ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ മുന്‍ ലോക ഒന്നാം നമ്പറും സെര്‍ബിയന്‍ സൂപ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ചിനു കിരീടം. ഫൈനലില്‍ മുന്‍ ചാംപ്യന്‍ കൂടിയായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയാണ് അദ്ദേഹം തകര്‍ത്തുവിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോകോവിച്ചിന്റെ വിജയം. സ്‌കോര്‍- 6-3, 7-6, 6-3. കരിയറിലെ 14ാമത്തെ ഗ്രാന്റ്സ്ലാം ട്രോഫിയാണ് താരം കൈക്കലാക്കിയത്.

ഈ വര്‍ഷം ജോക്കോവിച്ചിന്റെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടവിജയം കൂടിയാണിത്. ജൂലൈയില്‍ നടന്ന വിംബിള്‍ഡണിലും താരം വെന്നിക്കൊടി നാട്ടിയിരുന്നു. 31 കാരനായ ജോക്കോവിച്ച് ഇതു മൂന്നാം തവണയാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. യുഎസ് ഓപ്പണില്‍ അദ്ദേഹം കിരീടമുയര്‍ത്തുന്നത് 2015നു ശേഷം ഇതാദ്യമാണ്.
ഇത്തവണത്തെ വിജയത്തോടെ അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രാസിന്റെ 14 ഗ്രാന്റ്സ്ലാം ട്രോഫികളെന്ന നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും (20), സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും (17) മാത്രമേ ഇനി സെര്‍ബിയന്‍ സൂപ്പര്‍ താരത്തിനു മുന്നിലുള്ളൂ. യുഎസ് ഓപ്പണ്‍ വിജയത്തോടെ സിംഗിള്‍സ് റാങ്കിങിലും ജോക്കോവിച്ച് മുന്നേറ്റം നടത്തും. പുതിയ റാങ്കിങില്‍ നാലാംസ്ഥാനത്തേക്കുയരാന്‍ അദ്ദേഹത്തിനാവും.