
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് ജോകോവിച്ചിന് കിരീടം. കലാശപ്പോരില്‍ കന്നി കിരീട മോഹവുമായെത്തിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ജോകോവിച്ച് പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചിന്റെ വിജയം. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം പിടിച്ചടക്കിയ ജോകോവിച്ചിന് മൂന്നാം സെറ്റില്‍ ആന്‍ഡേഴ്‌സനില്‍ നിന്ന് വെല്ലുവിളി നേരിട്ടു. എന്നാല്‍, നിര്‍ണായക മൂന്നാം സെറ്റും കൈക്കലാക്കി ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്‍ഡേഴ്‌സനെ വീഴ്ത്തുകയായിരുന്നു. സ്‌കോര്‍: 6-2, 6-2, 7-6 (7-3).
ഇത് നാലാം തവണയാണ് വിംബിള്‍ഡണില്‍ ജോകോവിച്ച് കിരീടം നേടുന്നത്. നേരത്തെ, 2011, 2014, 2015 വര്‍ഷങ്ങളിലും 31 കാരനായ ജോകോവിച്ചായിരുന്നു വിംബിള്‍ഡണിലെ ജേതാവ്. ഇതോടെ താരത്തിന്റെ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം 13 ആയി. രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ജോകോവിച്ച് ഗ്രാന്‍ഡ്സ്ലാമില്‍ കിരീടം നേടുന്നത്. ഇതിനു മുന്‍പ് 2016ല്‍ ഫ്രഞ്ച് ഓപ്പണിലാണ് ജോകോവിച്ച് അവസാനമായി മേജര്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയത്.