ലണ്ടന്‍: മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ നിലവിലെ ലോക ഒന്നാം റാങ്കുകാരനായ സ്പെയിനിന്റെ റാഫേല്‍ നദാലിനെ മുട്ടുകുത്തിച്ച് സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. പുരുഷ വിഭാഗം സിംഗിള്‍സിലെ രണ്ടാം സെമിഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് നദാലിനെ മുന്‍ ലോക ഒന്വാം റാങ്കുകാരനായ ജോകോവിച്ച് വീഴ്ത്തിയത്. സ്കോര്‍: 6-4, 3-6, 7-6 (11-9), 3-6, 10-8.
മാരത്തോണിനൊടുവിലാണ് രണ്ടാം സെമിഫൈനലിലും വിജയിയെ കണ്ടെത്താനായത്. നദാല്‍-ജോകോവിച്ച് പോരാട്ടം അഞ്ച് മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്നു. നേരത്തെ, കെവിന് ആന്‍ഡേഴ്സനും ജോണ്‍ ഇസ്നറും തമ്മിലുള്ള ഒന്നാം സെമിഫൈനലിലും മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് വിജയിയെ തീരുമാനിച്ചത്. ആറ് മണിക്കൂറും 36 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ ഇസ്നറിനെ അടിയറവ് പറയിപ്പിച്ച് ആന്ഡേഴ്സന് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
കലാശപ്പോര് ജോകോവിച്ചും ആന്‍ഡേഴ്സനും തമ്മില്‍
പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ മൂന്ന് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ ജോകോവിച്ച് കന്നി ഗ്രാന്‍ഡ്സ്ലാം ചാംപ്യന്‍പട്ടം സ്വപ്നം കാണുന്ന ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സനെ നേരിടും.
2016നു ശേഷമുള്ള ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണ് 31 കാരനായ ജോകോവിച്ച് ലക്ഷ്യമിടുന്നത്. നേരത്തെ, 2011, 2014, 2015 സീസണുകളിലാണ് വിംബിള്‍ഡണില്‍ ജോകോവിച്ച് കിരീടം ചൂടിയത്.
എന്നാല്‍, തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് നിലവില്‍ ലോക റാങ്കിങില്‍ എട്ടാം റാങ്കുകാരനായ ആന്ഡേഴ്സന് ലക്ഷ്യമിടുന്നത്. നേരത്തെ, 2017ല്‍ യുഎസ് ഓപ്പണില്‍ ഫൈനലിലെത്താനായതാണ് ഇതിനു മുന്‍പ് ആന്‍ഡേഴ്സന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ഞായറാഴ്ച വൈകീട്ട് 6.30നാണ് ജോകോവിച്ച്-ആന്ഡേഴ്സന് കിരീടപ്പോരാട്ടം അരങ്ങേറുന്നത്.