മാഡ്രിഡ്: ലോക ടെന്നീസ് റാങ്കിങില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും റുമാനിയയുടെ സിമോണ ഹാലെപ്പും ഒന്നാംസ്ഥാനം നിലനിര്‍ത്തി. അടുത്തിടെ നടന്ന സീസണിലെ രണ്ടാം ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണിന്റെ പുരുഷ സിംഗിള്‍സില്‍ നദാലും വനിതാ സിംഗിള്‍സില്‍ ഹാലെപ്പും കിരീടം ചൂടിയിരുന്നു. ഇതാണ് പുതിയ റാങ്കിങിലും ഒന്നാംസ്ഥാനം കാത്തുസൂക്ഷിക്കാന്‍ ഇരുവരെയും സഹായിച്ചത്.

ഞായറാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ട കലാശക്കളിയില്‍ ഓസ്ട്രിയയുടെ ഡൊമിനിക്ക് തിയെമിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് നദാല്‍ 11ാം തവണയും ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. കരിയറില്‍ അദ്ദേഹത്തിന്റെ 17ാമത് ഗ്രാന്റ്സ്ലാം കൂടിയായിരുന്നു. ലോക റാങ്കിങില്‍ നദാലിനു പിന്നിലായി രണ്ടാംസ്ഥാനത്തുള്ളത് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ്. ഫ്രഞ്ച് ഓപ്പണില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഫെഡറര്‍ക്കു മേല്‍ നദാലിന് 100 പോയിന്റിന്റെ ലീഡുണ്ട്.

അതേസമയം, വനിതാ സിംഗിള്‍സില്‍ 7970 പോയിന്റോടെയാണ് ഹാലെപ്പ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. കരിയറിലെ ആദ്യ ഗ്രാന്റ്സ്ലാം ട്രോഫിയാണ് ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ ഹാലെപ്പ് സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ സ്ലോന്‍ സ്റ്റീവന്‍സിനെ തോല്‍പ്പിച്ചായിരുന്നു ഹാലെപ്പിന്റെ കിരീടവിജയം. ഫ്രഞ്ച് ഓപ്പണില്‍ റണ്ണറപ്പായതോടെ ലോക റാങ്കിങില്‍ നാലാംസ്ഥാനത്തേക്കു കയറാനും സ്റ്റീവന്‍സിനു സാധിച്ചു.