കൈയടിക്കേണ്ടത് നാഗലിനല്ല, കോലിക്ക്!! എല്ലാത്തിനും പിന്നില്‍ ഇന്ത്യന്‍ നായകനെന്ന് താരം
മുംബൈ: യുഎസ് ഓപ്പണില്‍ കളിച്ച് അടുത്തിടെ ഗ്രാന്റ്സ്ലാമില്‍ അരങ്ങേറിയ ഇന്ത്യന്‍ ടെന്നീസ് സെന്‍സേഷന്‍ സുമിത് നാഗല്‍ തുടക്കം ഉജ്ജ്വലമാക്കിയിരുന്നു. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ നാഗല്‍ യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ വിറപ്പിച്ചാണ് വരവറിയിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം ഫെഡററുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
കരിയറില്‍ തന്നെ ഇതുവരെയെത്തിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള പങ്കിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുയാണ് നാഗല്‍.

കോലിയുടെ പിന്തുണ
കോലിയുടെ പിന്തുണയാണ് തന്റെ കരിയര്‍ കൂടുതല്‍ ഉയരങ്ങളിലത്തിച്ചതെന്നു നാഗല്‍ വ്യക്തമാക്കി. നാഗലിന്റെ പരിശീലനത്തിനുള്ള ചെലവുകളും ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള ചെലവുകളും മറ്റു തരത്തിലുള്ള ചെലവുകള്‍ക്കുമെല്ലാം കോലിയുടെ ഫൗണ്ടേഷനാണ് പണം നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി താരത്തിന്റെ എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതും ഈ ഫൗണ്ടേഷനാണ്.

2017 മുതല്‍ തനിക്കൊപ്പമുണ്ട്
2017 മുതല്‍ വിരാട് കോലി ഫൗണ്ടേഷന്‍ തനിക്കു താങ്ങും തണലുമായി ഒപ്പമുണ്ടെന്നു ഹരിയാനയില്‍ നിന്നുള്ള നാഗല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടിയിരുന്നു. കോലി തനിക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇവിടെയൊന്നും എത്തില്ലായിരുന്നുവെന്നും നാഗല്‍ കൂട്ടിച്ചേര്‍ത്തു.

പിന്തുണ കൂടിയേ തീരൂ
കോലി ഫൗണ്ടേഷനെപ്പോലെ അത്‌ലറ്റുകള്‍ക്കു സാമ്പത്തിക സഹായവുമായി മറ്റുള്ളവരും രംഗത്തു വരികയാണെങ്കില്‍ ഇന്ത്യയിലെ കായികരംഗം ഇനിയുമേറെ മുന്നേറുമെന്നും നാഗല്‍ വ്യക്തമാക്കി.
ഈ വര്‍ഷമാദ്യം കാനഡയില്‍ നിന്നും ഒരു ടൂര്‍ണമെന്റിനുശേഷം ജര്‍മനിയിലേക്കു തിരിക്കുമ്പോള്‍ തന്റെ കൈവശം അഞ്ഞൂറ് രൂപയില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും കോലി ഫൗണ്ടേഷന്റെ സഹായം ലഭിച്ചുകൊണ്ടിരുന്ന സമയത്താണിത്. അപ്പോള്‍ അതിനു മുമ്പ് തന്റെ അവസ്ഥ എത്ര മോശമായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂയെന്നും നാഗല്‍ കൂട്ടിച്ചേര്‍ത്തു.

പ്രായം കുറഞ്ഞ താരം
യുഎസ് ഓപ്പണില്‍ കളിച്ചതോടെ ഗ്രാന്റ്സ്ലാമില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നാഗല്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ഈ മാസമാണ് താരത്തിനു 22 വയസ്സ് പൂര്‍ത്തിയായത്. പുരുഷ സിംഗിള്‍സ് ലോക റാങ്കിങില്‍ നിലവില്‍ 190ാം സ്ഥാനത്താണ് നാഗല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications