പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ ലൈനപ്പായി. ലോക ഒന്നാംനമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയും മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍കയും തമ്മിലാണ് ആദ്യ സെമി. കഴിഞ്ഞ വര്‍ഷത്തെ സെമിയുടെ റീപ്ലേ കൂടിയാണിത്. അന്ന മുറേ ജയത്തോടെ ഫൈനലില്‍ കടന്നിരുന്നു. രണ്ടാമത്തെ സെമിയില്‍ കളി മണ്‍കോര്‍ട്ടിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോക നാലാം സീഡായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ അട്ടിമറി വീരനായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തിയെുമായി കൊമ്പുകോര്‍ക്കും.

എട്ടാം സീഡായ ജപ്പാനീസ് താരം കെയ് നിഷികോരിയെയാണ് മുറേ ക്വാര്‍ട്ടറില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു അടിയറവ് പറയിച്ചത്. ഒന്നാം സെറ്റ് 2-6ന് കൈവിട്ട ശേഷമായിരുന്നു മുറേയുടെ ഗംഭീര തിരിച്ചുവരവ്. പിന്നീടുള്ള സെറ്റുകള്‍ 6-1, 7-6, 6-1ന് സ്വന്തമാക്കി മുറേ സെമിയിലേക്ക് കുതിക്കുകയായിരുന്നു.

മറ്റൊരു ക്വാര്‍ട്ടറില്‍ ഏഴാം സീഡായ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെതിരേ വാവ്‌റിന്‍കയുടെ ജയം അനായാസമായിരുന്നു. 6-3, 6-3, 6-1 എന്ന സ്‌കോറിനാണ് വാവ്‌റിന്‍കയുടെ വിജയം. അതേസമയം, നദാല്‍ 6-2, 2-0നു മുന്നിട്ടുനില്‍ക്കെ നാട്ടുകാരനായ പാബ്ലോ കരേനോ ബുസ്റ്റ പരിക്കേറ്റു പിന്‍മാറുകയാിരുന്നു. നേരത്തേ നിലവിലെ ജേതാവായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ 7-6, 6-3, 6-0ന് അട്ടിമറിച്ചാണ് തിയെം സെമിയിലേക്കു മുന്നേറിയത്.