ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റോജര്‍ ഫെഡറര്‍ എതിരാളി അഡ്രിയാന്‍ മന്നാരിനോയെ തോല്‍പ്പിച്ചപ്പോള്‍ ശ്രദ്ധേയമായത് ക്രിക്കറ്റ് ഷോട്ട്. ക്രിക്കറ്റ് ബാറ്റ്‌സ്മാനെ അനുകരിച്ച് ഫോര്‍വേര്‍ഡ് ഡിഫന്‍സീവ് ഷോട്ട് പുറത്തെടുത്ത ഫെഡററുടെ വീഡിയോ ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയാണ്.
ഫെഡറര്‍ മന്നാരിനോയ്‌ക്കെതിരെ 2-0ത്തിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഫെഡററുടെ ഷോട്ടിന്റെ വീഡിയോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ട്വീറ്റ് ചെയ്തു. ഫെഡററുടെ ഷോട്ടിന് എത്ര റേറ്റിങ് കൊടുക്കാമെന്നാണ് ഐസിസിയുടെ ചോദ്യം. ടെസ്റ്റ് റാങ്കിങ്ങില്‍ ഫെഡറര്‍ക്ക് ഒന്നാം റാങ്ക് നല്‍കിയുള്ള ഒരു ഇമേജും പിന്നീട് ഐസിസി പങ്കുവെച്ചു.

ഫെഡററുടെ ഷോട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റേതിന് സമാനമാണെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഫെഡററും സച്ചിനും സ്‌പൈഡര്‍മാന്റെ വസ്ത്രമണിഞ്ഞുകൊണ്ടുള്ള കാര്‍ട്ടൂണ്‍ ചിത്രവും ഐസിസി പുറത്തുവിട്ടിട്ടുണ്ട്. ടെന്നീസിലെ ഇതിഹാസതാരമായ ഫെഡറര്‍ ക്രിക്കറ്റിന്റെ വലിയ ഒരു ആരാധകനും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുഹൃത്തുമാണ്.
വിംബിള്‍ഡണില്‍ ഒരിക്കല്‍ക്കൂടി കിരീടം തേടിയെത്തിയ ഫെഡറര്‍ മന്നാരിനോയെ 6-0, 7-5, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ച് വിടുകയും ചെയ്തു. തന്റെ പ്രതാപകാലത്തെ അനുസ്മിപ്പിക്കുന്ന കളിയാണ് ഫെഡറര്‍ ആദ്യ സെറ്റില്‍ പുറത്തെടുത്തത്. രണ്ടുമൂന്നും സെറ്റുകളില്‍ എതിരാളി പൊരുതിനോക്കിയെങ്കിലും ഫെഡറര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല.