ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പുരുഷ സിംഗിള്‍സ് കിരീടത്തിന് പുതിയ അവകാശി. ലോക മൂന്നാം നമ്പറും ഓസ്ട്രിയന്‍ താരവുമായ ഡൊമിനിക്ക് തിയെമാണ് എപ്പിക്ക് ഫൈനലില്‍ ജയിച്ച് കന്നി ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടത്. ക്ലാസിക്ക് ഫൈനലില്‍ അടുത്ത സുഹൃത്തും ലോക ഏഴാം നമ്പറുമായ ജര്‍മനിയുടെ അലെക്സാണ്ടര്‍ സ്വരേവിനെ തിയെം വീഴ്ത്തുകയായിരുന്നു. രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ വിജയം. സ്കോര്‍: 2-6, 4-6, 6-4, 6-3, 7-6 (8/6). കാണികളൊഴിഞ്ഞ ആര്‍തര്‍ ആഷെ സ്റ്റേഡഡിയത്തില് നടന്ന ആവേശകരമായ ഫൈനല്‍ നാലു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിന്നു.
യുഎസ് ഓപ്പണിന്റെ ഓപ്പണ്‍ യുഗത്തില്‍ ആദ്യ രണ്ടു സെറ്റുകളിലും തോറ്റ ശേഷം തുടര്‍ന്നുള്ള മൂന്നു സെറ്റുകളിലും ജയിച്ച് ആദ്യമായാണ് ഒരു താരം കിരീടം നേടിയത്. നേരത്തേ 1949 പാഞ്ചോ ഗോണ്‍സാലസായിരുന്നു ആദ്യ രണ്ടു സെറ്റുകളും തോറ്റ ശേഷം ജേതാവായത്. ഗ്രാന്റ്സ്ലാം നേടിയ പ്രായം കുറഞ്ഞ താരം കൂടിയാണ് 27 കാരനായ തിയെം. കൂടാതെ 2014ല്‍ ക്രൊയേഷ്യയുടെ മരിന് സിലിച്ചിനു ശേഷം കന്നി ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം.
കരിയറില്‍ ഇതിനു മുമ്പ് കളിച്ച മൂന്നു ഗ്രാന്റ്സ്ലാം ഫൈനലുകളിലും അടിതെറ്റിയ തിയെം ഇത്തവണ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിസ്റ്റായ അദ്ദേഹം അതിനു മുമ്പ് രണ്ടു തവണ ഫ്രഞ്ച് ഓപ്പണിലും റണ്ണറപ്പായിട്ടുണ്ട്.
കന്നി ഗ്രാന്റ്സാം തേടിയിറങ്ങിയ തിയെമും കന്നി ഗ്രാന്റ്സ്ലാം ഫൈനല്‍ കളിച്ച സ്വരേവും കലാശപ്പോരില്‍ ഇഞ്ചോടിഞ്ച് പൊരുതി. ഒരു ഘട്ടത്തില്‍ കിരീട ഫേവറിറ്റായിരുന്ന തിയെം വീണ്ടുമൊരു ഗ്രാന്റ്സ്ലാം ഫൈനല്‍ തോല്‍വിക്ക് തൊട്ടരികിലായിരുന്നു. ആദ്യ സെറ്റില്‍ നാലു എയ്സുകളും 16 വിന്നറുകളും പായിക്കാന്‍ ജര്‍മന്‍ താരത്തിനു കഴിഞ്ഞു. ആദ്യ രണ്ടു സെറ്റുകളിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു തിയെമിന്റേത്. താരത്തിന്റെ ദുര്‍ബലമായ സെര്‍വുകള്‍ സ്വരേവിനു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു.
രണ്ടു സെറ്റുകളും സ്വന്തമാക്കിയ സ്വരേവ് മൂന്നാം സെറ്റും ജയിച്ച് ചാംപ്യനാവുന്നത് സ്വപ്നം കാണവെയാണ് തിയെം ഉണര്‍ന്നു കളിച്ചത്. മൂന്നും നാലും സെറ്റുകള്‍ ഓസ്ട്രിയന്‍ താരം സ്വന്തമാക്കിയതോടെ മല്‍സരം അഞ്ചാം സെറ്റിലേക്കു നീണ്ടു. ഒരു ഘട്ടത്തില്‍ 5-3ന് സെറ്റില്‍ മുന്നിലെത്താന്‍ സ്വരേവിനായിരുന്നു. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. ശക്തമായി തിരിച്ചടിച്ച തിയെം 6-5ന് മുന്നിലെത്തി. ഒടുവില്‍ ടൈബ്രേക്കറില്‍ സ്വരേവിനെ മുട്ടുകുത്തിച്ച് തിയെം കന്നി ഗ്രാന്റ്സ്ലാമെന്ന സ്വപ്നം പൂവണയിക്കുകയായിരുന്നു.