മെല്‍ബണ്‍: ടെന്നിസ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കന്‍ സഹോദരിമാരുടെ പോരാട്ടത്തില്‍ സെറീന വില്ല്യംസിനു ജയം. കലാശക്കളിയില്‍ ചേച്ചി വീനസ് വില്ല്യംസിനെ സെറീന നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരുന്നു. സ്കോര്‍: 6-4, 6-4. ലോക റാങ്കിങില്‍ രണ്ടാമതുള്ള സെറീന ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയെങ്കിലും രണ്ടാംസെറ്റില്‍ 13ാം സീഡായ ചേച്ചിക്കു മുന്നില്‍ അല്‍പ്പം വിയര്‍ക്കേണ്ടിവന്നു.
സെറീനയും വീനസും തമ്മിലുള്ള 28ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഇതില്‍ 17ലും സെറീനയ്ക്കായിരുന്നു ജയം. 11 കളികളില്‍ വീനസ് ജയിച്ചുകയറി. 2005ലെ യുഎസ് ഓപണ്‍ ക്വാര്‍ട്ടറിലായിരുന്നു ഇരുവരും അവസാനമായി മുഖാമുഖം വന്നത്. അന്ന് സെറീന ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു ജയിച്ചിരുന്നു.
സെറീനയുടെ 23ാം ഗ്രാന്റ്സ്ലാം കിരീടവിജയമാണിത്. ഇതോടെ ഓപ്പണ്‍ എറേയില് ഏറ്റവുമധികം ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിനും സെറീന അര്‍ഹയായി. ഫൈനലിനു മുമ്പ് മുന്‍ ഇതിഹാസം സ്റ്റെഫി ഗ്രാഫിനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു അമേരിക്കന്‍ സൂപ്പര്‍ താരം. സെറീന ഇതു ഏഴാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്നത്. ഇതിനു മുമ്പ് 2003, 05, 07, 09, 10, 15 വര്‍ഷങ്ങളിലായിരുന്നു താരത്തിന്റെ കിരീടവിജയം. ഇതോടെ വിംബിള്ഡണി നൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണിലും സെറീന ഏഴു ട്രോഫികള്‍ കരസ്ഥമാക്കി.