മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ സെറീന വില്യംസിന് ജയം. വനിതാ സിംഗിള്‍സില്‍ ജര്‍മന്‍ താരം തജന മരിയയെ 6-0, 6-2 എന്നിങ്ങനെയുള്ള സ്‌കോറിന് സെറീന തോല്‍പ്പിച്ചു. അമ്മയായശേഷം ഗ്രാന്‍ഡ്സ്ലാം നേടാന്‍ കഴിയാതിരുന്ന സെറീന ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവാകാനുള്ള ഒരുക്കത്തിലാണ്.
ഏഴുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യനായിരുന്ന സെറീന എതിരാളിക്ക് അവസരമൊന്നും നല്‍കിയില്ല. യുഎസ് ഓപ്പണ്‍ ഫൈനലില്‍ അമ്പയറുമായി കലഹിച്ച് വിവാദത്തിലായ സെറീന പിന്നീട് ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാമിന് ഇറങ്ങുന്നത്. മികച്ച നിലയില്‍ തുടങ്ങിയ താരം ആകെ 24 പോയന്റുകള്‍ മാത്രമാണ് മരിയയ്ക്ക് വിട്ടുകൊടുത്തത്. മത്സരം 49 മിനിറ്റിനുള്ളില്‍ അവസാനിച്ചു.

കനേഡിയന്‍ താരം യുജിനി ബൗച്ചാര്‍ഡുമായാണ് സെറീനയുടെ അടുത്ത മത്സരം. വൈല്‍ഡ്കാര്‍ഡുമായി എത്തിയ പെങ് ഷോയിയെ 6-2, 6-1 എന്ന സ്‌കോറിനാണ് ബൗച്ചാര്‍ഡ് തോല്‍പ്പിച്ചത്. 2014ലെ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റായ കനേഡിയന്‍ താരം സമീപകാലത്ത് മികച്ച ഫോമിലല്ല. 23 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ സെറീനയ്ക്ക് ബൗച്ചാര്‍ഡിനെതിരെ ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുരുഷ സിംഗിള്‍സില്‍ അലക്‌സാണ്ടര്‍ സ്വെരേവും രണ്ടാം റൗണ്ടിലെത്തി. അല്‍ജാസ് ബെഡനെ 6-4, 6-1, 6-4 എന്ന സ്‌കോറിന് സ്വെരേവ് തോല്‍പ്പിച്ചു. റോജര്‍ ഫെഡറര്‍, മരിന്‍ സിലിച്ച്, റാഫേല്‍ നദാല്‍ തുടങ്ങിയ താരങ്ങളും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.