മെല്‍ബണ്‍: ടെന്നീസ് കോര്‍ട്ടില്‍ പ്രായമെന്നത് തനിക്കു സ്‌കോര്‍ പോലെ വെറുമൊരു നമ്പര്‍ മാത്രമാണെന്നു തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ. 43ാം വയസ്സില്‍ കിരീടം ചൂടിയാണ് അദ്ദേഹം ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാന്റ്സ്ലാമിനു അവകാശിയായ ഓപ്പണ്‍ എറയിലെ (1968 മുതല്‍) ഏറ്റവും പ്രായമേറിയ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് ബൊപ്പണ്ണയെ തേടിയെത്തുകയും ചെയ്തു.
പുരുഷ ഡബിള്‍സില്‍ ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡെനോടൊപ്പം റാക്കറ്റേന്തിയാണ് ചരിത്രത്താളുകളില്‍ ബൊപ്പണ്ണ തന്റെ പേര് എഴുതിച്ചേര്‍ത്തത്. ത്രില്ലിങ് ഫൈനലില്‍ ഇറ്റാലിയന്‍ ജോടികളായ സൈമണ്‍ ബൊലെല്ലി- ആന്‍ഡ്രി വവാസോറി സഖ്യത്തെ 7-6, 7-5 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ- എബ്ഡന്‍ സഖ്യം മറികടന്നത്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഡബിള്‍സ് വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ താരമായി ബൊപ്പണ്ണ മാറിയത്. ഇപ്പോഴിതാ ഗ്രാന്റ്സ്ലാം വിജയത്തോടെ അദ്ദേഹം ഈ നേട്ടം അവിസ്മരണീയമാക്കുകയും ചെയ്തിരിക്കുകയാണ്. കരിയറിലാദ്യമായാണ് ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ കിരീടത്തില്‍ മുത്തമിടാനുള്ള അപൂര്‍വ്വ ഭാഗ്യം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.
രണ്ടാം സീഡുകളായിരുന്ന ബൊപ്പണ്ണ- എബ്‌ഡെന്‍ സഖ്യം മികച്ച രീതിയിലാണ് ഫൈനലില്‍ തുടങ്ങിയത്. മറുഭാഗത്തു ഇറ്റാലിയന്‍ ജോടികള്‍ തുടക്കം മുതല്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കാണപ്പെട്ടത്. എങ്കിലും ഇന്തോ-ഓസീസ് ജോടിക്കു മല്‍സരത്തിലുടനീളം ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഇറ്റാലിയന്‍ സഖ്യത്തിനു സാധിച്ചുവെന്നു കാണാം.
ആദ്യ സെറ്റിലുടനീളം വളരെ മികച്ച രീതിയിലാണ് ബൊപ്പണ്ണ- എബ്‌ഡെന്‍ ജോടി സര്‍വ് ചെയ്തത്. പക്ഷെ സ്‌കോര്‍ 5-5നു തുല്യമായ ശേഷം എബ്‌ഡെന്റെ പ്രകടനത്തില്‍ അല്‍പ്പം ഇടിവ് സംഭവിച്ചു. എങ്കിലും രണ്ടു ബ്രേക്ക് പോയിന്റുകള്‍ സേവ് ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ടൈബ്രേക്കറിലാണ് ആദ്യ സെറ്റിലെ വിജയികളെ തീരുമാനിച്ചത്.

ടൈബ്രേക്കറില്‍ ബൊപ്പണ്ണ- എബ്‌ഡെന്‍ ജോടി തങ്ങളുടെ ഗെയിം മറ്റൊരു തലത്തിലേക്കുയര്‍ത്തിയതോടെ ഇറ്റാലിയന്‍ സഖ്യം പതറി. ഒടുവില്‍ 7-6നു ഇന്തോ- ഓസീസ് ജോടി ആദ്യ സെറ്റ് കൈക്കലാക്കുകയും ചെയ്തു. രണ്ടാം സെറ്റിലും ബൊപ്പണ്ണ- എബ്‌ഡെന്‍ ജോടിയുടെ സര്‍വുകള്‍ ഗംഭീരമായിരുന്നു. സ്‌കോര്‍ 5-5നു തുല്യമാവുന്നതു വരെ രണ്ടു ടീമുകള്‍ക്കും ബ്രേക്ക് പോയിന്റെന്ന അഗ്നിപരീക്ഷയെ നേരിടേണ്ടി വന്നില്ല.
ആദ്യ സെറ്റിലേതു പോലെ രണ്ടാം സെറ്റും വൈകാതെ ടൈബ്രേക്കറിലേക്കു നീണ്ടു. ബൊപ്പണ്ണ- എബ്‌ഡെന്‍ ജോടി തങ്ങളുടെ നിലവാരം താഴേക്കു വീഴാതെ കാത്തപ്പോള്‍ മറുഭാഗത്തു വവാസോറിക്കു സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിക്കുകയും ചെയ്തു. ഇതോടെ 7-5നു ബൊപ്പണ്ണയും ടീമും കരിയറിലാദ്യമായി ഒരുമിച്ച് ആദ്യത്തെ ഗ്രാന്റ്സ്ലാം കിരീടമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുകയും ചെയ്തു.