ന്യൂഡല്‍ഹി: ഇഞ്ചിയോണിയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്നും ടെന്നീസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്ന ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും പിന്മാറി. സോംദേവ് വര്‍മന്‍ പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഇരുവരും മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുന്നത്.
എ.ടി.പി, ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇരുവരുടെയും പിന്മാറ്റമെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്ന അറിയിച്ചു. വേള്‍ഡ് മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടാനുള്ള റാങ്കിംഗ് കരസ്ഥമാക്കാനാണ് ഇവര്‍ പിന്മാറിയത്. ഏഷ്യന്‍ ഗെയിംസിനിടെ എടിപി ടൂര്‍ണമെന്റുകള്‍ നടക്കുന്നതിനാല്‍ അവ ഒഴിവാക്കാന്‍ പറ്റാത്തതാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ പറഞ്ഞു.

ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് രോഹന്‍ ബൊപ്പണ്ണയും ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറിയിട്ടുണ്ട്. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ സോംദേവ് വര്‍മന്റെയും മുന്‍നിര താരങ്ങളുടെയും പിന്മാറ്റം ഇന്ത്യയുടെ മെഡല്‍ നിലയെ കാര്യമായി ബാധിക്കും. വന്‍കിട ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് മിക്ക താരങ്ങളും ഏഷ്യന്‍ഗെയിംസ് പോലുള്ള സുപ്രധാന മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്.
ബാഡ്മിന്റണ്‍ ഡബിള്‍സ് താരം ജ്വാല ഗുട്ടയും ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. നീര്‍ക്കെട്ടുള്ളതിനാല്‍ ജ്വാല വിശ്രമിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.