ലണ്ടന്‍: പുരുഷ വിഭാഗം വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെ സ്വന്തമാക്കി. കാനഡയുടെ മിലോസ് റോണിച്ചിനെ 6-4, 7-6, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് മറെ തന്റെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. റോജര്‍ ഫെഡററെ സെമിയില്‍ തോല്‍പ്പിച്ചെത്തിയ കനേഡിയന്‍ താരത്തിന് മറെയ്‌ക്കെതിരെ മികവ് ആവര്‍ത്തിക്കാനായില്ല.
ഇത് രണ്ടാം തവണയാണ് മറെ വിംബിള്‍ഡണ്‍ ചാമ്പ്യനാകുന്നത്. 2013ലാണ് മറെ ആദ്യമായി വിംബിള്‍ഡണ്‍ കിരീടം നേടിയത്. 2012ല്‍ യു.എസ് ഓപ്പണ്‍ ചാമ്പ്യനായിരുന്നു. 1935ല്‍ ഫ്രെഡ് പെറിക്ക് ശേഷം ഒന്നില്‍ കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മറെ.

ഫൈനലില്‍ എതിരാളിക്കെതിരെ കാര്യമായ വിയര്‍പ്പൊഴുക്കാതെയാണ് മറെ ചാമ്പ്യനായത്. ആദ്യസെറ്റ് 6-4ന് നിഷ്പ്രയാസം സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ബ്രേക്ക് പോയന്റ് നേടാന്‍ കഴിഞ്ഞില്ലെന്നതൊഴിച്ചാല്‍ ട്രൈബ്രേക്കറില്‍ മറെയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മിലോസ് റോണിച്ചിന് കഴിഞ്ഞില്ല